ബോൺ ക്രിമിനൽ ആറ്റിറ്റ്യൂഡായിരുന്നു ഗ്രീഷ്മയ്ക്ക്, 100% മരണനിരക്കുള്ള വിഷംനൽകി- ഷാരോണിന്റെ സഹോദരൻ

തിരുവനന്തപുരം: ഒരു ബോൺ ക്രിമിനലിന്റെ ആറ്റിറ്റ്യൂഡായിരുന്നു ഗ്രീഷ്മ തുടക്കംമുതൽ കാണിച്ചതെന്ന് ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിമോണ്‍ രാജ്. കോടതിവിധിയിൽ തങ്ങൾ സമ്പൂർണതൃപ്തരാണെന്നും ഷിമോൺ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന തെളിവുകളെല്ലാം പോലീസിന് കൈമാറിയിരുന്നു. അതേപോലെ പോലീസിന്റെ ഭാഗത്ത് നിന്ന് അവരും ഒരുപാട് തെളിവുകള്‍ ശേഖരിച്ചു. അതിനാലാണ് ഇങ്ങനെയൊരു വിധി നേടാന്‍ സാധിച്ചത്. പാറശ്ശാല പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കത്തില്‍ ചില പ്രശ്നങ്ങളുണ്ടായി എന്നത് സത്യമാണ്. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് നല്ല പിന്തുണ ലഭിച്ചു. അതിനുശേഷം പാറശ്ശാല പോലീസും സഹായിച്ചു.
ഒരു ബോണ്‍ ക്രിമിനലിന്റെ ആറ്റിറ്റ്യൂഡ് ആയിരുന്നു ഗ്രീഷ്മയ്ക്ക്. വിചാരണസമയത്ത് ആയാലും ഞങ്ങള്‍ പോകുമ്പോള്‍ അവർ അവിടെയുണ്ട്. നൂറ് ശതമാനം മരണനിരക്കുള്ള വിഷമാണ് ഷാരോണിന് നല്‍കിയത്. അത് കൃത്യമായി പരിശോധിച്ചാണ് ഈ വിഷം ഗ്രീഷ്മ തിരഞ്ഞെടുത്തതത്. ഗ്രീഷ്മയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു. അത് ഷാരോണിന്റെ മരണത്തിന് ശേഷം നടന്ന അന്വേഷങ്ങളില്‍ നിന്ന് വ്യക്തമായി', ഷിമോൺ രാജ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ഷാരോണ്‍രാജ് വധക്കേസിൽ കോടതി വിധി പ്രസ്താവിച്ചത്. ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച കോടതി പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ മൂന്ന് വർഷം തടവിനും കോടതി ശിക്ഷിച്ചു.
Content Highlights: Greeshma sentenced to death for poisoning Sharon Raj, Brothers reaction