ക്ഷേമ പെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊന്ന് ചാക്കിലിട്ട് ഉപേക്ഷിച്ചു; കൊച്ചുമകൻ അറസ്റ്റിൽ, അറിഞ്ഞിട്ടും മിണ്ടാതിരുന്ന പിതാവും പിടിയിൽ

#ന്യൂസ് ഡെസ്ക്
Photo: Screengrab/ MathrubhumiNews
Photo: Screengrab/ MathrubhumiNews

ബെംഗളൂരു: ക്ഷേമ പെൻഷൻ തുക തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി പേരക്കുട്ടി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലുള്ള അരളികട്ടി ഗ്രാമവാസിയായ ഹമ്മവ്വ ബാലപ്പ സനദി (78) ആണ് കൊല്ലപ്പെട്ടത്. കൊച്ചുമകൻ ഭീമപ്പ രാമപ്പ സനദിയെ (20) പോലീസ് അറസ്റ്റ് ചെയ്തു.

നവംബർ 10-ന് പാച്ചാപൂർ ചന്തയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഹമ്മവ്വയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നവംബർ 15-ന് ജിനരാൾ ഗ്രാമത്തിന് സമീപത്തെ ഡാമിൽനിന്ന്, കല്ലുകൾ കെട്ടി രണ്ട് ചാക്കുകളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മകൾ ഭീമവ്വ പരാസപ്പ ഇരാനത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യമകണമർദി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

ഗൃഹലക്ഷ്മി പദ്ധതിയിലൂടെ മുത്തശ്ശിക്ക് ലഭിക്കുന്ന 2000 രൂപയിൽ വിഹിതം ആവശ്യപ്പെട്ട് ഭീമപ്പ കഴിഞ്ഞ കുറച്ചുകാലമായി ഇവരുമായി വഴക്കുണ്ടാക്കി വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. നവംബർ 10-ന് മുത്തശ്ശിയെ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയ ഭീമപ്പ വഴിയിൽ വെച്ച് പണത്തെച്ചൊല്ലി തർക്കിക്കുകയും പണം നൽകാൻ വിസമ്മതിച്ചതോടെ തള്ളിയിട്ടശേഷം കൈകൊണ്ടും കയർ ഉപയോഗിച്ചും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മൃതദേഹം ആദ്യം കുന്നിൻപ്രദേശത്ത് ഉപേക്ഷിച്ചശേഷം പ്രതി പാച്ചാപൂരിലേക്ക് പോയി രണ്ട് ചാക്കുകൾ വാങ്ങിക്കൊണ്ടുവന്നു. മുത്തശ്ശിയുടെ കൈവശമുണ്ടായിരുന്ന 2,300 രൂപ കൈക്കലാക്കിയശേഷം മൃതദേഹം ചാക്കുകളിലാക്കി. രാത്രിയിൽ ചാക്കുകൾ ബൈക്കിൽ കെട്ടിവലിച്ച് ജിനരാളിന് സമീപമുള്ള ഘടപ്രഭ നദിയിലെ ഡാമിലെത്തിച്ച് തെളിവ് നശിപ്പിക്കാനായി വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

മൃതദേഹം ഡാമിൽ പൊങ്ങിവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ രാമപ്പ സനദിയും അറസ്റ്റിലായിട്ടുണ്ട്. അമ്മ കൊല്ലപ്പെട്ടതറിഞ്ഞിട്ടും സംഭവം മറച്ചുവെച്ചെന്നാണ് ഇയാൾക്കെതിരായ കേസ്.

Content Highlights: A 20-year-old grandson arrested for murdering his 78-year-old grandmother in Belagavi., The murder was committed to steal welfare pension and Gruhalakshmi scheme money., The accused dumped the body in a dam backwater after packing it in sacks., The victim's son was also arrested for concealing the crime.