കൊച്ചുമകൻ അമ്മൂമ്മയെ കൊന്നത് 8000 രൂപയ്ക്കുവേണ്ടി; തല ചുമരിലിടിച്ചു, കുത്തി, കഴുത്തിൽ തുണിമുറുക്കി കൊന്നു

കഠിനംകുളം: ലഹരിയുത്‌പന്നങ്ങൾ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നാണ് അമ്മൂമ്മയെ ചെറുമകൻ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്. കൊല്ലപ്പെട്ട മേഴ്സിയുടെ കൈവശം 8000 രൂപയുണ്ടെന്ന് മനസ്സിലാക്കിയാണ് പ്രതി ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ വെട്ടുത്തുറ പുതുവൽ പുരയിടത്തിൽ ഷിബിനെ (24) റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് ചാന്നാങ്കര താബൂക്ക് കമ്പനിക്കു സമീപമുള്ള വാടകവീട്ടിൽ മത്സ്യവിൽപ്പന നടത്തിയിരുന്ന വെട്ടുത്തുറ പുതുവൽ പുരയിടത്തിൽ മേഴ്സി (65) കൊല്ലപ്പെട്ടത്. മേഴ്സി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് ഷിബിൻ മദ്യപിച്ച് എത്തുന്നത്.
മത്സ്യവിൽപ്പനയിലൂടെയും ഭർത്താവ് ഐനീസിന്റെ കടൽപ്പണിയിലൂടെയും ലഭിച്ച 8,000 രൂപ മേഴ്സിയുടെ പക്കലുണ്ടെന്ന് ഷിബിൻ മനസ്സിലാക്കിയിരുന്നു. ഈ പണം ആവശ്യപ്പെട്ട് മേഴ്സിയുമായി തർക്കമായി.
പണം നൽകില്ലെന്ന് മേഴ്സി പറഞ്ഞതോടെ പ്രകോപിതനായ ഷിബിൻ ഇവരെ ക്രൂരമായി മർദിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തറയിൽ വീണ മേഴ്സിയെ തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
കൊലപാതകത്തിനുശേഷം ഷിബിൻ തൊട്ടടുത്ത കട്ടിലിൽ കിടന്നുറങ്ങി. രാവിലെ 11 മണിയോടെ ഉണർന്ന ഇയാൾ, മേഴ്സിയെ ചലനമറ്റനിലയിൽ കണ്ട് കൈയിൽ കത്തിയുമായി പുറത്തിറങ്ങി. സമീപത്ത് ജോലിയിലുണ്ടായിരുന്ന രണ്ടുപേരോട് അമ്മൂമ്മയെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തി.
തുടർന്ന് മേഴ്സിയുടെ പക്കലുണ്ടായിരുന്ന പണമെടുത്ത് കഠിനംകുളത്തെ ലേക്ക് പാലസ് ബാറിലെത്തി മദ്യപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവിടെവെച്ച് അക്രമാസക്തനായി ബഹളമുണ്ടാക്കിയ ഇയാളെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വയം കാലിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ബോധം തിരിച്ചുകിട്ടിയതോടെയാണ് കഠിനംകുളം പോലീസിന്റെ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചത്.
മേഴ്സിയുടെ കൈയിലുണ്ടായിരുന്ന പണം കാണാനില്ലെന്ന് ഭർത്താവും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മുൻപും ഇത്തരത്തിൽ പണം ചോദിച്ച് ഷിബിൻ ആക്രമണങ്ങൾ നടത്തിയിരുന്നു. അതിനാൽ മാസങ്ങൾക്കു മുൻപ് ഇവരുടെ പണം വള്ളം മുതലാളിയായ സുലൈമാനെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയും ചെയ്തു.
അതറിഞ്ഞ് സുലൈമാനെയും ഐനീസിനെയും ഷിബിൻ മർദിക്കുകയും ചെയ്തിരുന്നു.ബുധനാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം വെട്ടുത്തുറ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ മേഴ്സിയുടെ മൃതദേഹം സംസ്കരിച്ചു. തലയിലേറ്റ പൊട്ടലും തലയ്ക്കു പിന്നിലെ ആഴത്തിലുള്ള മുറിവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ചിറയിൻകീഴ് സി.ഐ. അഭിലാഷ് അറിയിച്ചു.
Content Highlights: A grandson, Shibin, brutally murdered his grandmother, Mercy, after she refused to give him money for drugs, which he knew she had from fish sales and her husband's earnings. After the murder, Shibin confessed to neighbors and used the stolen money to drink at a bar, where he was later apprehended by locals and handed over to the police.