ഹണിമൂണിനായി ആന്തമാനിലെത്തിയപ്പോൾ ആർത്തവം, യുവതിക്ക് ക്രൂരമർദനം; ഭർത്താവിനെതിരേ പരാതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

പോർട് ബ്ലെയർ: ഹണിമൂണിനായി പോയപ്പോൾ ആർത്തവമുണ്ടായതിനെത്തുടർന്ന് നവവധുവിനെ ഭർത്താവ് ക്രൂരമായി അക്രമിച്ചെന്ന് പരാതി. സംഭവത്തിൽ ഡൽഹി സ്വദേശി നിഖിൽ മിശ്രയ്ക്കും അമ്മ സഞ്ജു മിശ്രയ്ക്കും സഹോദരി നേഹ പാണ്ഡെയ്ക്കുമെതിരേ ഗോരഖ്പുർ പോലീസ് കേസെടുത്തു. 2023-ലെ സംഭവം മുൻനിർത്തി ഓഗസ്റ്റ് 15-ന് യുവതി നൽകിയ പരാതിയിൽ ഖോരഖ്പുർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അന്തമാൻ നികോബാർ ദ്വീപുകളിലേക്കാണ് ഇരുവരും ഹണിമൂണിന് പോയത്. വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുശേഷമായിരുന്നു ദമ്പതിമാരുടെ യാത്ര. യാത്രയ്ക്കിടെ യുവതിക്ക് കടുത്ത വയറുവേദനയും അമിത രക്തസ്രാവവും അനുഭവപ്പെട്ടു. ഇതോടെ ആർത്തവത്തെക്കുറിച്ച് എന്തുകൊണ്ട് മുൻകൂട്ടി പറഞ്ഞില്ല എന്നുചോദിച്ച് നിഖിൽ മിശ്ര പ്രകോപിതനായി.

അതിക്രൂരമായി അടിക്കുകയും തൊഴിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. ബഹളവും കരച്ചിലുംകേട്ട് ഹോട്ടൽ ജീവനക്കാരെത്തിയാണ് രക്ഷിച്ചത്. തുടർന്ന് യുവതിയെ കൂടെത്താമസിപ്പിക്കാൻ താത്പര്യമില്ലെന്നും ഡൽഹിയിലെത്തി കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് യുവതിയുടെ പിതാവിനെ വിളിച്ചുപറഞ്ഞു. യാത്ര കഴിഞ്ഞ് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മായിയമ്മയും ഭർതൃസഹോദരിയും ഭർത്താവിനെ പിന്തുണയ്ക്കുകയും ഉപദ്രവം തുടരുകയുമായിരുന്നുവെന്നും പരാതിയിലുണ്ട്. 2023 മേയ് 30-നാണ് ഇരുവരും വിവാഹിതരായത്. ഒരുമാസത്തിനുശേഷമാണ് അന്തമാനിലേക്ക് ഹണിമൂണിന് പോയത്. തിരിച്ചുവന്നശേഷം 2023 ജൂലായ് 14-ന് യുവതിയെ ഭർതൃവീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു. സ്ത്രീധനമായി നൽകിയ സാധനങ്ങളോ പണമോ തിരികെ നൽകാൻ തയ്യാറായതുമില്ല. ഭർത്താവിന്റെ ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.

നിഖിൽ മിശ്രയ്‌ക്കെതിരേ യുവതി സ്ത്രീധന പീഡനാരോപണവും ഉന്നയിച്ചിട്ടുണ്ട്. വിവാഹസമയത്ത് 20 ലക്ഷത്തോളം രൂപയും കാറും മറ്റു വസ്തുക്കളുമടക്കം 40 ലക്ഷത്തോളം രൂപയുടെ സ്ത്രീധനം നൽകിയിരുന്നെങ്കിലും ഭർതൃവീട്ടുകാർ ഡൽഹിയിലെത്തിയശേഷം വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ അധിക്ഷേപിച്ചിരുന്നതായി പരാതിയിലുണ്ട്. ഹണിമൂണിനിടെയുണ്ടായ മർദനം, സ്ത്രീധനപീഡനം, വീട്ടിൽനിന്ന് പുറത്താക്കൽ എന്നിവയിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

Content Highlights: FIR registered by Gorakhpur police against a Delhi man, his mother, and sister., Complainant alleges she was physically assaulted by her husband during their Andaman honeymoon because of her menstruation., Additional allegations include severe dowry harassment, physical abuse, and threats from the in-laws.