കരിപ്പൂരില്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 25 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

മലപ്പുറം: ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. ദുബായില്‍ നിന്നും കരിപ്പൂരില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് പോലീസ് 446 ഗ്രാം സ്വര്‍ണ്ണം കസ്റ്റഡിയിലെടുത്തത്.
ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അനസിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് സ്ഥലത്തെത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. അത്യാധുനിക സ്‌കാനിങ് സംവിധാനങ്ങളെ മറികടന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ അനസിന്റെ ദേഹപരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
അനസ് ധരിച്ചിരുന്ന ചെരിപ്പിനുള്ളിലെ സോളിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന ഏഴാമത്തെ കേസാണിത്.
Content Highlights: gold seized at karipur international airport