ഡി.ടി.പി.സി.ഓഫീസിൽ സൂക്ഷിച്ച സ്വർണം കാണാതായി; വാനിൽനിന്ന് ഡീസലും ചോർത്തി

സാമൂഹ്യവിരുദ്ധരും വഹരി വിൽപനക്കാരും താവളമാക്കിയ കെഎസ്ആർടിസി- ഓലയിൽക്കടവ് റോഡ്
സാമൂഹ്യവിരുദ്ധരും വഹരി വിൽപനക്കാരും താവളമാക്കിയ കെഎസ്ആർടിസി- ഓലയിൽക്കടവ് റോഡ്

കൊല്ലം:ഡി.ടി.പി.സി.ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒരുപവനോളംവരുന്ന സ്വർണ കൈചെയിൻ കാണാതായി. സംഭവം സംബന്ധിച്ച് പുതുതായി ചുമതലയേറ്റ ഡി.ടി.പി.സി.സെക്രട്ടറി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.തങ്കശ്ശേരിയിലെ പാർക്കിൽനിന്ന് ജനുവരിയിലാണ് കോളേജ് വിദ്യാർഥികൾക്ക് കൈചെയിൻ ലഭിച്ചത്. അവരത് പാർക്ക് ഇൻചാർജിന്റെ കൈയിൽ ഏൽപ്പിച്ചു.

സുരക്ഷാജീവനക്കാർ പാർക്കിലുണ്ടായിരുന്ന ആരുടെയെങ്കിലും സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ ആരും എത്തിയില്ല. ഉടമ തെളിവുസഹിതം എത്തിയാൽ കൈചെയിൻ തിരികെ നൽകാമെന്ന് പാർക്കിന്റെ ഇൻചാർജ് മാധ്യമങ്ങൾവഴി അറിയിപ്പും നൽകി. എന്നിട്ടും ഉടമയെ കണ്ടെത്താനായില്ല.

കുറച്ചുദിവസം പാർക്കിലെ ലോക്കറിൽ സ്വർണം സൂക്ഷിച്ചു. മാർച്ചിൽ ഇൻചാർജ് ചുമതലയൊഴിഞ്ഞപ്പോൾ കൈചെയിൻ ഡി.ടി.പി.സി.യുടെ കൊല്ലത്തെ ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. സെക്രട്ടറിയെയും വിവരമറിയിച്ചു. ജീവനക്കാർ സ്വർണം കൈപ്പറ്റിയെന്ന് ഒപ്പിട്ട് നൽകുകയും ചെയ്തു.അന്നുണ്ടായിരുന്ന സെക്രട്ടറി സ്ഥാനമൊഴിയുകയും അടുത്തിടെ പുതിയ സെക്രട്ടറി ചുമതലയേൽക്കുകയും ചെയ്തു. സെക്രട്ടറിയുടെ മുറിയിൽ അലമാരയിൽ കൈചെയിൻ സൂക്ഷിച്ചിട്ടുണ്ടെന്ന് പഴയ സെക്രട്ടറി പുതിയയാളെ അറിയിച്ചു. എന്നാൽ അന്വേഷണത്തിൽ ഇത് കണ്ടെത്താനായില്ല.

സ്വർണം കൈകാര്യം ചെയ്യുന്നതിൽ ഓഫീസ് ജീവനക്കാർ ഗുരുതരമായ പിഴവാണ് വരുത്തിയത്. വിവരം ഡി.ടി.പി.സി.ചെയർമാൻകൂടിയായ കളക്ടറെ യഥാസമയം അറിയിക്കുന്നതിലും അധികൃതർ വീഴ്ചവരുത്തി.അടുത്തിടെ ഡി.ടി.പി.സി.ഓഫീസിനു മുന്നിൽ സൂക്ഷിച്ചിരുന്ന വാനിൽനിന്ന് ഡീസൽ ഊറ്റിയ സംഭവവുമുണ്ടായി. ഇതും സെക്രട്ടറിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമൂഹവിരുദ്ധരുടെ സുരക്ഷിത താവളം

തുറന്നുകൊടുക്കാത്ത കെ.എസ്.ആർ.ടി.സി.-ഓലയിൽക്കടവ് റോഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ ശൗചാലയപരിസരം, അടഞ്ഞുകിടക്കുന്ന കാന്റീൻ, ലിങ്ക് റോഡ് ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരം, മൈതാനം തുടങ്ങിയ ഇടങ്ങളെല്ലാം സമൂഹവിരുദ്ധരുടെയും ലഹരിമാഫിയയുടെയും കേന്ദ്രമാണ്.

കായലിനരികിൽ നിർത്തിയിടുന്ന ബോട്ടുകളും ഇവർ താവളമാക്കുന്നുണ്ട്. നഗരമധ്യത്തിലുള്ള ഇടമായിട്ടും പോലീസ് പരിശോധനകൾ ഈ ഭാഗത്ത് ഉണ്ടാകാറില്ല. ഡി.ടി.പി.സി.പരിസരത്തും സമൂഹവിരുദ്ധർ ധാരാളമായി എത്തുന്നുണ്ട്.കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ സുരക്ഷാജീവനക്കാർ ഉണ്ടെങ്കിലും കാന്റീൻ ഭാഗത്തേക്കോ പെട്രോൾ പമ്പിനരികിലേക്കോ ഇവർ എത്താറേയില്ലെന്നാണ് യാത്രക്കാരുടെ പരാതി.

Content Highlights: Gold kept in DTPC office goes missing