ചുറ്റുംനോക്കി മാല പോക്കറ്റിലാക്കി, പക്ഷേ CCTV ചതിച്ചു; കോഴിക്കോട്ടെ ജൂവലറിയിൽ മോഷണം; പ്രതി പിടിയിൽ

പിടിയിലായ ജാബിര്‍, മോഷണത്തിന്റെ സിസിടിവി ദൃശ്യം
പിടിയിലായ ജാബിര്‍, മോഷണത്തിന്റെ സിസിടിവി ദൃശ്യം

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി ജാബിറാണ് പിടിയിലായത്. ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തുനിന്ന് പ്രതിയെ കണ്ടെത്തിയത്. 

മാല വാങ്ങാനെന്ന വ്യാജേന കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് ജാബിര്‍ ജൂവലറിയില്‍ എത്തിയത്. സെയില്‍സ്മാന്‍ പലതരത്തിലുള്ള മാലകള്‍ കാണിച്ചുകൊടുക്കുന്നതിനിടെ ഒരുമാല ഇയാള്‍ എടുക്കുകയായിരുന്നു. സെയില്‍സ്മാന്റെ ശ്രദ്ധമാറിയതിനിടെ മാല തന്ത്രപൂര്‍വം കൈക്കലാക്കി ചുറ്റിലും നോക്കിയശേഷം പതിയെ പോക്കറ്റിലാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പിന്നീട് മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും അത് മാറ്റിവെക്കണമെന്നും ജാബിര്‍ സെയില്‍സ്മാനോട് പറഞ്ഞു.  മാല തിരഞ്ഞെടുക്കാന്‍ വീട്ടില്‍നിന്നും ആളെക്കൂട്ടി വരാമെന്ന് പറഞ്ഞ് ഉടന്‍ തന്നെ ജൂവലറിയില്‍നിന്ന് സ്ഥലംവിടുകയും ചെയ്തു. പിന്നീട് ഇയാള്‍ തിരിച്ചുവന്നില്ല. 

വൈകീട്ട് സ്റ്റോക്കുമായി ബന്ധപ്പെട്ട പരിശോധനക്കിടെയാണ് ആഭരണം മോഷണംപോയ വിവരം ജീവനക്കാര്‍ തിരിച്ചറിഞ്ഞത് തുടര്‍ന്ന് നടക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.

Content Highlights: gold chain theft in kozhikode jewellery showroom