സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; സംഭവം യുപിയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനേഴുകാരനായ സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സയിലിരിക്കെ മരിച്ച പ്ലസ് വൺ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് തിരയുന്ന പ്രതി അസദ് ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഖോഡ മേഖലയിൽ വെച്ച് പോലീസ് സംഘവുമായുണ്ടായ വെടിവെപ്പിനിടെ പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധവൾ ജയ്സ്വാൾ അറിയിച്ചു.
മെയ് 28-ന് ബക്രീദ് ദിനത്തിലാണ് 11-ാം ക്ലാസ് വിദ്യാർഥിയായ സൂര്യ പ്രതാപിനെ അസദ് ആക്രമിച്ചത്. ബലി കർമ്മങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് അയൽവാസിയായ അസദ് സൂര്യയെ വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അവിടെവെച്ചുണ്ടായ തർക്കത്തെത്തുടർന്ന് സൂര്യയ്ക്ക് വയറിൽ കുത്തേൽക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥി ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സൂര്യയും അസദും തമ്മിൽ മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഏതാനുംപേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അസദിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വരികയായിരുന്നു. പ്രതി ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പ്രദേശം വളയുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അസദ് പോലീസിന് നേരെ വെടിയുതിർക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിളിനും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.
Content Highlights: The prime accused in the murder of a 17-year-old student in Ghaziabad was killed in a police encounter.