അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍; സാക്ഷിയാകാന്‍ വിളിച്ച യുവാവില്‍നിന്നും കഞ്ചാവ് പിടിച്ചു

കഞ്ചാവ് ചെടി, അപര്‍ണ, അലന്‍
കഞ്ചാവ് ചെടി, അപര്‍ണ, അലന്‍

കാക്കനാട്: ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് യുവാവും യുവതിയും അറസ്റ്റിലായ കേസില്‍ സാക്ഷിയാക്കാന്‍ വിളിച്ച മറ്റൊരു യുവാവില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ഫ്‌ളാറ്റില്‍ തന്നെ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി അമല്‍ എന്ന യുവാവില്‍ നിന്നാണ് നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെടുത്തത്. 

സാക്ഷിയാകാന്‍ വിളിപ്പിച്ച അമല്‍ പരുങ്ങുന്നതുകണ്ട് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 

കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്‌ളാറ്റില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ചയാണ് പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവര്‍ പിടിയിലായത്. പ്രതികള്‍ ലഹരി ഉപയോഗം ലക്ഷ്യമാക്കി എടുത്ത ഫ്‌ളാറ്റാണോ ഇതെന്നും ഇവര്‍ എങ്ങനെയാണ് ഒരുമിച്ച് ഫ്‌ളാറ്റില്‍ വരാന്‍ ഇടയായത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നര്‍ക്കോട്ടിക് സെല്‍ അന്വേഷിച്ചു വരുകയാണ്.

അടുക്കളയിലാണ് ഇവര്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് കണ്ടെത്തിയത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ എല്‍.ഇ.ഡി. ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു.

Content Highlights: ganja was seized from young man who was called as a witness