അമിതമായ അളവിൽ മെർക്കുറി; എഫ്.ട്യൂൺ ക്രീമിനെതിരെ FIR, ചികിത്സയ്ക്കായി ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ

#ന്യൂസ് ഡെസ്ക്
Photo: Screengrab/ MathrubhumiNews
Photo: Screengrab/ MathrubhumiNews

മലപ്പുറം: മുഖത്തെ കുരുവും പാടുകളും മാറുമെന്ന് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ എഫ്.ട്യൂൺ സൗന്ദര്യ വർധക ക്രീം ആവശ്യക്കാരെ തേടി എത്തിയതെന്ന് എഫ്.ഐ.ആർ. അമിതമായ അളവിൽ മെർക്കുറി അടങ്ങിയ എഫ്.ട്യൂൺ ഉപയോഗം പരാതിക്കാരിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടായെന്നും ഒരു ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വന്നുവെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു.

ബി.എൻ.എസ് 316(2) വിശ്വാസ വഞ്ചന, ബി.എൻ.എസ് 318(2) വഞ്ചന, ഡ്രഗ്‌സ് ആന്റ്് കോസ്മറ്റിക്‌സ് ആക്ട് 17(ഇ) വിഷാംശമുള്ളതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ വസ്തുക്കളുടെ വിൽപ്പന, ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് ആക്ട് 17ഇ(ഇ) ആരോഗ്യത്തിന് ഹാനികരമായ വിഷാംശങ്ങൾ അടങ്ങിയ സൗന്ദര്യ വസ്തുക്കളുടെ വിൽപ്പന, ഡ്രഗ്‌സ് ആന്റ കോസ്മറ്റിക്‌സ് ആക്ട് 27എ(ഐ) വ്യാജമോ മായം ചേർത്തതോ ആയ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ അഞ്ച് വർഷംവരെ തടവും പിഴയും വിധിക്കുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്.

മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്കാണ് ഗുരുതര വൃക്കരോഗം പിടിപെട്ടത്. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് എന്ന് കണ്ടെത്തിയിരുന്നു. വിദഗ്ധപരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യവും കണ്ടെത്തിയിരുന്നു.

മെർക്കുറി അമിതമായതിനാൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ബി.പി. കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി. തുടർപരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതെങ്ങനെ ഉണ്ടായെന്നറിയാൻ ക്രീം ടെസ്റ്റിന് അയച്ചപ്പോഴാണ് ക്രീമിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വിൽപനയ്ക്കുവെച്ചിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

Content Highlights: FTune fairness cream advertised via Instagram contained toxic levels of mercury., A 17-year-old girl in Malappuram developed Membranous Nephropathy and severe kidney issues., FIR registered under BNS and Drugs and Cosmetics Act against the culprits facing 3-5 years imprisonment., Victim spent around one lakh rupees for medical treatment due to protein loss and other health complications.