പൊതുജനങ്ങൾക്കുള്ള തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി; അരക്കോടിയുടെ തട്ടിപ്പ്,വി.ഇ.ഒ.അറസ്റ്റിൽ

സീതത്തോട്(പത്തനംതിട്ട): സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽനിന്ന് ഗുണഭോക്തൃവിഹിതത്തിൽ തിരിമറി നടത്തി അരക്കോടിയിൽപ്പരം രൂപ തട്ടിയെടുത്ത വി.ഇ.ഒ. പിടിയിൽ. കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം.ആർ.റാണി ലക്ഷ്മി(40)യെയാണ് കോന്നി പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പ് പുറത്ത് വന്നതോടെ ഇവർ ഒളിവിൽ പോയിരുന്നു. അതിനിടെ ഇവർ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് കോന്നി സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈഫ് ഭവനപദ്ധതിയിയുടേതുൾപ്പടെ സീതത്തോട് ഗ്രാമപ്പഞ്ചായത്തിലെ പദ്ധതി ഗുണഭോക്തൃവിഹിതത്തിൽ നിന്ന് 51,23,000 രൂപ വി.ഇ.ഒ. തട്ടിയെടുത്തതായി കാട്ടി പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം ചിറ്റാർ പോലീസിൽ പരാതി നൽകിയിരുന്നു. റാണി ലക്ഷ്മി ഇപ്പോൾ ജോലിചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും സമാന തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയും പോലീസിൽ പരാതി നൽകി. തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ഗുണഭോക്താക്കൾക്ക് നൽകാനായി സർക്കാർ അനുവദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് വി.ഇ.ഒ. തട്ടിപ്പ് നടത്തിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയത്. ബന്ധുക്കളുടെയും മറ്റും പേരുകൾ ഗുണഭോക്തൃപട്ടികയിൽ വ്യാജമായി ചേർത്തായിരുന്നു തട്ടിപ്പ്. 2024 മുതൽ സീതത്തോട് പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഇവർ 2026 ഫെബ്രുവരിയിൽ തണ്ണിത്തോട് പഞ്ചായത്തിലേക്ക് മാറി. അവിടെയെത്തി നടത്തിയ തിരിമറിയാണ് ഇവർ പിടിക്കപ്പെടാനിടയാക്കിയത്.
സീതത്തോട് പഞ്ചായത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുമ്പ് ജോലിചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടത്തിയതായുള്ള വിവരംപുറത്ത് വന്നതിനെ തുടർന്ന് അവിടെയും അന്വേഷണംതുടങ്ങി.
Content Highlights: Fraud in Seethathode grama panchayat, VEO arrested for embezzling over 51 lakh rupees from Seethathode grama panchayat beneficiary funds