35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി പൈലറ്റ് പിടിയിൽ; കസ്റ്റഡിയിലെടുത്തത് ഗുരുഗ്രാമിൽനിന്ന്

ഗുരുഗ്രാം: അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എയുമായി സ്വകാര്യ എയർലൈനിന്റെ മുൻ പൈലറ്റിനെ ഗുരുഗ്രാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദൗലത്താബാദിലെ ലാൻഡ്‌മാർക്ക് സൊസൈറ്റിയിൽ താമസക്കാരനായ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി അർഷാദ് അലി (33) എന്ന അജ്ജുവിനെയാണ് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ടർ 103-ന് സമീപം നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്വന്തം ആവശ്യത്തിനായാണ് ആദ്യം എം.ഡി.എം.എ വാങ്ങിയിരുന്നതെന്നും പിന്നീട് എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി ലഹരിമരുന്ന് വിൽപ്പനയിലേക്ക് കടക്കുകയായിരുന്നുവെന്നും ചോദ്യംചെയ്യലിൽ അർഷാദ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. നോയിഡയിലുള്ള ഒരാളിൽനിന്ന് അഞ്ചുലക്ഷം രൂപയ്ക്കാണ് നിലവിൽ പിടിച്ചെടുത്ത എം.ഡി.എം.എ വാങ്ങിയതെന്നും വിൽപ്പനയ്ക്ക് ശേഷം ലഭിക്കുന്ന തുക അനുസരിച്ച് ബാക്കി തുക നൽകാനായിരുന്നു ധാരണയെന്നും ഇയാൾ വെളിപ്പെടുത്തി.
രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരിമരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്. ലഹരിമരുന്ന് എത്തിച്ചുനൽകിയവരെയും വാങ്ങാൻ എത്തിയവരെയുംകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Former airline pilot Arshad Ali arrested by Gurugram Crime Branch., 814 grams of MDMA worth Rs 35 lakh seized., Accused procured drugs from Noida for illegal distribution., Investigation ongoing to uncover larger drug syndicate networks.