എംഡിഎംഎ നിർമാതാക്കളായ രണ്ട് വിദേശവനിതകളെ പിടികൂടി ‘കണ്ണൂർ സ്‌ക്വാഡ്’; പിടിയിലായത് ഡൽഹിയിൽനിന്ന്

കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുവായ എം.ഡി.എം.എ നിർമിച്ച് നൽകിയിരുന്ന വിദേശ വനിതകളെ കണ്ണൂർ സിറ്റി പൊലീസ് സ്‌ക്വാഡ് സാഹസികമായി പിടികൂടി. നൈജീരിയ സ്വദേശിനി ചിനെലോ ലിലിയൻ, ക്യാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ എന്നിവരെയാണ് ഡൽഹി ബുരാരിയിൽ വെച്ച് സിറ്റി പോലിസ് പിടികൂടിയതെന്ന് റേഞ്ച് ഡിഐജി കെ. കാർത്തിക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ന്യൂമാഹിയിൽ വെച്ച് 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാൾ പിടിയിലായതാണ് കേസിൽ വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഹരി എത്തിച്ചത് മുഹമ്മദ് സമീലാണെന്ന് വ്യക്തമാവുകയും, തുടർന്ന് സമീലിന്റെ വീട്ടിൽനിന്നും വാഹനത്തിൽനിന്നുമായി 185 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
സമീലിന്റെ ഫോൺ, ബാങ്ക് രേഖകൾ പരിശോധിച്ചതോടെയാണ് 'തബു' എന്ന മുജ്തബയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ലഹരി ഇടനിലക്കാർ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് ലൊക്കേഷൻ മാത്രം കൈമാറുന്ന രീതിയായിരുന്നു തബുവിൻ്റേത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബെംഗളൂരുവിൽ വെച്ച് തബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽനിന്ന് പാർസൽ വഴിയാണ് ഇവർ നാട്ടിലേക്ക് ലഹരി കടത്തിയിരുന്നത്. ഈ കണ്ണിയിലൂടെ ലഭിച്ച തെളിവുകളാണ് വിദേശ വനിതകളിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രതികൾ സിം കാർഡുകൾ മാറ്റിയും ഇരുപതോളം ബാങ്ക് അക്കൗണ്ടുകൾ വഴിയും കോടികളുടെ ഇടപാടുകളാണ് നടത്തിയിരുന്നത്. കണ്ണൂർ സിറ്റി പോലീസിന്റെ സ്‌ക്വാഡ് അംഗങ്ങൾ 10 ദിവസത്തോളം ഡൽഹിയിൽ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
അമ്പതോളം വ്യാജ ആധാർ കാർഡുകളും 15 പാൻ കാർഡുകളും ചെക്ക് ബുക്കുകളും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളും ഇവർ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. വിദേശത്തുനിന്ന് പാർസൽ ആയാണ് ഇവർക്ക് മയക്കുമരുന്ന് നിർമാണ സാമഗ്രികൾ ലഭിക്കുന്നതെന്നും ഡിഐജി പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഡിഐജി അറിയിച്ചു. കമ്മീഷണറുടെ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി, തലശ്ശേരി എ എസ് പി നന്ദഗോപൻ എന്നിവരും സംബന്ധിച്ചു.
Content Highlights: Kannur City Police arrested foreign women manufacturing MDMA in Delhi., Accused used high-tech methods including parcel services and changing SIM cards., Police seized fake Aadhaar cards, PAN cards, and bank accounts used for multi-crore transactions., Operation led by 10-day undercover investigation in Delhi.