സ്വാതന്ത്ര്യം നേടിയശേഷം നിര്‍മിക്കുന്ന സംസ്ഥാനത്ത ആദ്യസെന്ട്രല് ജയില്‍ തവനൂരില്‍ സജ്ജം;വിശേഷങ്ങള്‍

തവനൂര്‍: തടവുകാരെ ഉള്‍ക്കൊള്ളാനാകാതെ സംസ്ഥാനത്തെ ജയിലുകള്‍. സെന്‍ട്രല്‍ ജയിലുകളിലാണ് തടവുകാരുടെ ബാഹുല്യം ഏറ്റവുംകൂടുതല്‍. കുറ്റവാളികളുടെ എണ്ണംകൂടിയതോടെ കേരളത്തില്‍ നാലാമതൊരു സെന്‍ട്രല്‍ ജയില്‍കൂടി തുറക്കുകയാണ്. മലപ്പുറം ജില്ലയിലെ തവനൂരില്‍ നിര്‍മിച്ച പുതിയ സെന്‍ട്രല്‍ ജയില്‍ 12-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.
നിലവിലുള്ള സെന്‍ട്രല്‍ ജയിലുകളായ തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി 2273 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്. എന്നാല്‍, 3039 തടവുകാരുണ്ടിപ്പോള്. ഇതുള്‍പ്പെടെ സംസ്ഥാനത്തെ 56 ജയിലുകളിലായി 7920 തടവുകാരെയാണ് പാര്പ്പിക്കാനാവുക. എന്നാല്‍, 8422 അന്തേവാസികള്‍ ഇപ്പോള്‍ ഈ ജയിലുകളിലുണ്ട്.
മറ്റുജയിലുകളില്‍ കഴിയുന്ന കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലക്കാരായ തടവുകാരെ ആദ്യഘട്ടത്തില്‍ തവനൂരിലെ ജയിലിലേക്ക് മാറ്റും. 706 തടവുകാര്‍ക്കുള്ള സൗകര്യമാണ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. മാറ്റേണ്ട തടവുകാരുടെ വിവരങ്ങള്‍ ജയില്‍വകുപ്പ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യം സ്വാതന്ത്ര്യം നേടിയശേഷം സംസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ സെന്ട്രല്ജയിലാണ് തവനൂരിലേത്. സംസ്ഥാനത്തെ ഭൂരിഭാഗം ജയിലുകളും സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്‍പ് നിര്‍മിച്ചവയാണ്. പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലെ ജില്ലാ ജയില്‍, വിയ്യൂരിലെ അതിസുരക്ഷാ ജയില്‍, ഇരിങ്ങാലക്കുടയിലെ സ്പെഷ്യല്‍ സബ് ജയില്‍ എന്നിവയാണ് പുതിയതായി തുറന്നവ.
കണ്ണൂര്‍ കൂത്തുപറമ്പിലെ സ്പെഷ്യല്‍ സബ് ജയില്‍ ചൊവ്വാഴ്ച തുറക്കും. പത്തനംതിട്ടയില്‍ ജില്ലാ ജയിലിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
തവനൂരിലെ ജയില്‍ ഇങ്ങനെ
തവനൂര്‍: മറ്റ് മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിര്‍മാണം. ജയില്നിര്മാണ ശില്പകലയായ 'പനോക്ടിക്കോണ്' മാതൃകയിലാണ് മറ്റു സെന്‍ട്രല്‍ ജയിലുകള്‍ നിര്‍മിച്ചിരിക്കുന്നതെങ്കില്‍ തവനൂരിലേത് 'യു' ആകൃതിയില്‍ മൂന്ന് നിലകളിലായാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ജയില്‍ പ്രവര്ത്തനമാരംഭിക്കുകയാണെങ്കിലും പണികള്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. ജയിലിനായി കുഴിച്ച കിണറില്‍നിന്ന് വെള്ളമെത്തിക്കാന്‍ സൗകര്യമൊരുക്കേണ്ടതുണ്ട്. സി.സി.ടി.വി. സംവിധാനം, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ്, ആശുപത്രി, ജയിലിലേക്കുള്ള റോഡ് ടാറിങ് തുടങ്ങിയവ ഉദ്ഘാടനത്തിനുശേഷമേ ഉണ്ടാകൂ. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാന്, എം.പി. മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ജയില്‍ ഡി.ജി.പി. സുധേഷ്കുമാര് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ., തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ഉത്തരമേഖല ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യന്, ജയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് കെ.വി. ബൈജു എന്നിവര്‍ അറിയിച്ചു.
ഒറ്റനോട്ടത്തില്‍
- സ്ഥലം: 7 ഏക്കര്‍ 56 സെന്റ്
- ആകെ സെല്ലുകള്‍: 58
- പാര്‍പ്പിക്കാവുന്ന തടവുകാരുടെ എണ്ണം: 706
- ജീവനക്കാര്‍: 162
- നിര്‍മാണോദ്ഘാടനം: 2011
- നിര്‍മാണം ആരംഭിച്ചത്: 2014
- ആകെ ചെലവ്: 32.85 കോടി
സന്ദര്‍ശിക്കാം, ചിത്രമെടുക്കാനാകില്ല
ഉദ്ഘാടനദിവസം ഒന്‍പതു മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടാകും. പക്ഷേ, അതിസുരക്ഷാമേഖലയായതിനാല് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് അനുവദിക്കില്ല.
സംസ്ഥാനത്തെ ജയിലുകളിലെ മൊത്തം തടവുകാര്‍
- പുരുഷന്മാര് -8252
- സ്ത്രീകള്‍ -169
- ട്രാന്‍സ്ജെന്‍ഡര്‍ -1
- റിമാന്‍ഡ് തടവുകാര്‍ -4370
- ക്രിമിനല്‍ കുറ്റവാളികള്‍ -2934
- ഗുണ്ടകള്‍ -109
Content Highlights: first Central Jail in the state after independence will open at tavanur