CSR ഫണ്ട് വാഗ്ദാനം; ഡോക്ടറുടെ 23.40 ലക്ഷം തട്ടി, സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ ഉൾപ്പെടെ 3 പേരുടെ പേരിൽ കേസ്

#ന്യൂസ് ഡെസ്ക്
ബിജു രാധാകൃഷ്ണൻ| മാതൃഭൂമി, ഫയൽ ചിത്രം
ബിജു രാധാകൃഷ്ണൻ| മാതൃഭൂമി, ഫയൽ ചിത്രം

കാക്കനാട്: ആശുപത്രി നിർമാണത്തിന് സി.എസ്.ആർ. ഫണ്ട് ലഭ്യമാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്ന് 23.40 ലക്ഷം രൂപ തട്ടി. സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേരുടെ പേരിൽ തൃക്കാക്കര പോലീസ് കേസെടുത്തു. തൃക്കാക്കര സ്വദേശി പി.ജെ. ബെർളിൻ, ഇലന്തൂർ സ്വദേശി ചന്ദ്രബോസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

പത്തനംതിട്ട ആഴൂർ സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് പോലീസ് നടപടി. പത്തനംതിട്ടയിൽ പുതിയ ആശുപത്രി ആരംഭിക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

പ്രോജക്ട് ഫീസ് ഇനത്തിൽ ’ഹെൽപ് ഫൗണ്ടേഷൻ’ എന്ന എൻ.ജി.ഒ.യുടെ അക്കൗണ്ടിലൂടെ പല ഘട്ടങ്ങളിലായാണ് 23,40,000 രൂപ പ്രതികൾ കൈപ്പറ്റിയത്. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ഡോക്ടറുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പണം കൈമാറിയത്.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ഫണ്ട് ലഭ്യമാക്കുകയോ മുൻകൂർ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്തില്ല. തുടർന്നാണ് ഡോക്ടർ പോലീസിനെ സമീപിച്ചത്.

Content Highlights: A doctor was cheated of Rs 23.40 lakhs under the pretext of arranging CSR funds for a hospital., Biju Radhakrishnan, P.J. Berlin, and Chandrabose are named as accused., Thrikkakara police registered a case based on the doctor's complaint., Money was transferred through an NGO named Help Foundation in previous months.