വിദ്യാര്ഥിനിയെ തുടര്ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു; കരാട്ടെ അധ്യാപികയ്ക്ക് 20 വര്ഷം കഠിനതടവ്

ചെന്നൈ: പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥിനിയെ തുടര്ച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില് കരാട്ടെ അധ്യാപികയ്ക്ക് പോക്സോ കോടതി 20 വര്ഷം കഠിനതടവ് വിധിച്ചു. തൂത്തുക്കുടി സ്വദേശിനി ബി. ജയസുധ(28)യ്ക്കാണ് ചെന്നൈയിലെ സെഷന്സ് ജഡ്ജി എസ്. പദ്മ ശിക്ഷ വിധിച്ചത്.
ചെന്നൈയില് അധ്യാപികയായിരുന്ന ജയസുധ കഴിഞ്ഞവര്ഷം ജൂലായില് സ്കൂളിലെ കായികമേളയില്വെച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥിനിയുമായി അടുപ്പം സ്ഥാപിച്ചത്. അതിനുശേഷം അവര് സ്കൂളിനടുത്തുള്ള ഒരു വീട്ടിലേക്ക് താമസം മാറ്റി. ബാലികയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികചൂഷണത്തിന് വിധേയയാക്കി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി താന് പുരുഷനായി മാറുമെന്നും അതിനുശേഷം വിദ്യാര്ഥിനിയെ വിവാഹം കഴിക്കുമെന്നുമാണ് അവര് വിശ്വസിപ്പിച്ചിരുന്നത്.
വിദ്യാര്ഥിനി സ്കൂളിലെത്തിയിട്ടില്ലെന്നു പറഞ്ഞ് ഒരുദിവസം രക്ഷിതാക്കള്ക്ക് സന്ദേശം ലഭിച്ചതിനെത്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള് പുറത്തുവന്നത്. സ്കൂളിനടുത്തുള്ള വീട്ടില്വെച്ചും തൂത്തുക്കുടിയിലെ വീട്ടില്വെച്ചും ബാലികയെ ലൈംഗികചൂഷണത്തിന് വിധേയയാക്കിയിരുന്നതായി ജയസുധ സമ്മതിച്ചു. ഇതേത്തുടര്ന്നാണ് പോക്സോ കേസ് രജിസ്റ്റര് ചെയ്തത്.
Content Highlights: Karate Teacher Gets 20 Years Imprisonment: Incident of Sexual Abuse of Student