തൂവാലയുടെ ‘പോക്കും വരവും’: വീണ്ടും ചൂടുപിടിച്ച് ഫസൽ വധക്കേസ്

#ന്യൂസ് ഡെസ്ക്
ഫസൽ
ഫസൽ

കണ്ണൂർ: സി.പി.എം. നേതാക്കൾ പ്രതികളായ തലശ്ശേരിയിലെ ഫസൽ വധക്കേസ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ചർച്ചയാകുന്നു. എറണാകുളം സി.ജെ.എം. കോടതിയിൽനിന്ന് കേസിലെ പ്രധാന തൊണ്ടിമുതലായ തൂവാല അപ്രത്യക്ഷമാകുകയും ‘പ്രത്യക്ഷപ്പെടുകയും’ ചെയ്തതോടെയാണ് സംഭവത്തിലെ രാഷ്ട്രീയം ചൂടുപിടിക്കാൻ തുടങ്ങിയത്. ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തിത്തീർക്കാൻ അവർ താമസിക്കുന്ന സ്ഥലത്ത് ഫസലിന്റെ രക്തംപുരണ്ട തൂവാല കൊണ്ടുപോയിട്ടെന്നായിരുന്നു പരാതി. കേസിലെ പ്രതികളായ കാരായി രാജൻ ഇപ്പോൾ എം.എൽ.എ.യും കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനുമായി. രാജൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്.

2006 ഒക്ടോബർ 22-ന് പുലർച്ചെ പത്രവിതരണത്തിനിടെയായിരുന്നു എൻ.ഡി.എഫ്. പ്രവർത്തകനായ ഫസലിനെ വധിച്ചത്. കൊടി സുനിയാണ് ഒന്നാം പ്രതി. സംഭവം നടക്കുമ്പോൾ രാജൻ സി.പി.എം. തലശ്ശേരി ഏരിയാ സെക്രട്ടറിയും ചന്ദ്രശേഖരൻ തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയുമായിരുന്നു. ഫസലിന്റെ വധത്തിന് പിന്നിൽ ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരാണെന്നായിരുന്നു തുടക്കത്തിൽ ആരോപണം. അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ച് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് കേസ് സി.ബി.ഐ.യെ ഏൽപ്പിച്ചത്.

തുടർന്ന്, പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് കോടതിയുടെ വിലക്കുണ്ടായിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ താത്കാലികമായി നാട്ടിലേക്ക് വരാൻ പറ്റിയിരുന്നുള്ളു. 2015-ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കാരായി രാജനും തലശ്ശേരി നഗരസഭാ ചെയർമാനായ കാരായി ചന്ദ്രശേഖരനും തത്‍സ്ഥാനം രാജിവെക്കേണ്ടിവരികയും ചെയ്തു. നാട്ടിൽ കടക്കുന്നതിനുള്ള കോടതിയുടെ വിലക്ക് മറികടക്കാൻ ഇരുവരെയും തദ്ദേശസ്ഥാപന അധ്യക്ഷരാക്കിയുള്ള സി.പി.എം. തന്ത്രം വിലപ്പോയില്ല.

മറ്റൊരു കേസിലെ പ്രതിയായ ബി.ജെ.പി. പ്രവർത്തകൻ കുപ്പി സുബീഷ്, പോലീസ് കസ്റ്റഡിയിലിരിക്കെ സംസാരിച്ചതിന്റെ വീഡിയോദൃശ്യങ്ങളും വിവാദമായിരുന്നു. ഇതിൽ ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരാണ് വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ വാക്കുകൾ. എന്നാൽ ഇത് സി.ബി.ഐ. മുഖവിലക്കെടുത്തില്ല. സി.പി.എം. അംഗമായ ഫസൽ പാർട്ടി വിട്ട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

Content Highlights: Key evidence (towel) disappeared and reappeared in the Ernakulam CJM court., Allegations of framing RSS-BJP workers using planted evidence., Background of Fazal's 2006 murder and the shift from NDF to CPM friction., Legal restrictions on Karayi Rajan and Karayi Chandrasekharan in Kannur district.