വിവാഹാഭ്യർത്ഥനയുമായി ഇൻഫ്‌ളുവൻസറുടെ വീട്ടിൽ അതിക്രമിച്ചു കയറി; വീട്ടുകാരുടെ മർദനമേറ്റ് ആരാധകന് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
നേഹ ബിഷ്ട്
നേഹ ബിഷ്ട്

ന്യൂഡൽഹി: വിവാഹാഭ്യർത്ഥനയുമായി ഇൻഫ്‌ളുവൻസറായ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആരാധകന് പിതാവിന്റെയും അയൽക്കാരുടെയും മർദനമേറ്റ് ദാരുണാന്ത്യം. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് ഇൻഫ്‌ളുവൻസറുടെ ഡൽഹിയിലെ വീട്ടിലെത്തി അതിക്രമിച്ച് കടന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു. ഇയാളെ പുറത്താക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെ കുടുംബാംഗങ്ങൾ ചേർന്ന് ഇയാളെ മർദിച്ച് വീടിന് പുറത്താക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സും ഓരോ റീലുകൾക്കും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുമുള്ള നേഹ ബിഷ്ട് എന്ന ഇൻഫ്‌ലുവൻസറിനാണ് ആരാധകന്റെ അതിരുവിട്ട പ്രവർത്തി തലവേദനയായി മാറിയിരിക്കുന്നത്. ബന്ധുക്കളുടെ മർദനമേറ്റ് ചികിത്സയിലിരിക്കെ ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഇയാൾ മരിച്ചത്. പിന്നാലെതന്നെ, സംഭവവുമായി ബന്ധപ്പെട്ട് നേഹയുടെ പിതാവിനെയും അയൽവാസിയെയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.

യുപിയിലെ ഗാസീപ്പുർ സ്വദേശിയും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ അഭിനവ് ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; നേഹയുടെ ഫോളോവറായിരുന്ന അഭിനവിന് അവളോട് ആരാധനയിൽ കവിഞ്ഞ അടുപ്പമുണ്ടായിരുന്നു. സ്ഥിരമായി നേഹയുടെ വീഡിയോകൾ കാണാറുണ്ടായിരുന്ന അഭിനവിന് കാലക്രമേണ നേഹയോട് പ്രണയം തോന്നുകയായിരുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ആരാധകനായി ഇയാൾ നേഹയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. അടുത്തിടെ നേഹ തന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ചുള്ള ഉള്ളടക്കങ്ങളും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പങ്കുവെച്ച് തുടങ്ങിയതോടെയാണ് അഭിനവ് അസ്വസ്ഥനായത്. നേഹയുടെ വിവാഹം മറ്റൊരു വ്യക്തിയുമായി നിശ്ചയിച്ചതിൽ മനംനൊന്ത അഭിനവ് ചെന്നൈയിലെ ജോലിസ്ഥലത്തുനിന്നും ഡൽഹിയിലെത്തി.

ശേഷം, നവംബർ ഏഴിന് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന നേഹയോട് ഇയാൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വിവാഹം ഒഴിവാക്കണമെന്നും പകരം തന്നെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അഭിനവ് ആരാണെന്ന് നേഹയ്ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അവർ യുവാവിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.

എന്നാൽ അഭിനവ് ഒരുതരത്തിലും പുറത്തുപോകാൻ കൂട്ടാക്കിയില്ല, മാത്രമല്ല തന്നെ വിവാഹം കഴിക്കണമെന്ന് നേഹയോട് അഭ്യർഥിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. പിന്നാലെ, പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് അഭിനവിനെ ബലപ്രയോഗത്തിലൂടെ വീടിനുവെളിയിൽ എത്തിക്കുകയും മർദിക്കുകയുമായിരുന്നു.

പിന്നാലെ ഇവർ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ പുറത്തും വലതുകാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അഭിനവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് അഭിവന് മദ്യപിച്ചിരുന്നതായാണ് സംഭവത്തിന് പിറ്റേന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്.

ചികിത്സയിലിരിക്കെ നവംബർ 15-ന് അഭിനവ് മരിച്ചു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത പോലീസ്, ഇൻഫ്‌ളുവൻസറുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും ഒരു അയൽവാസിയേയും അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് സംശയിക്കപ്പെടുന്നവരെ തിരിച്ചറിയുന്നതിനായി സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിന്റെ മറ്റ് വശങ്ങളും പരിശോധിച്ചു വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Content Highlights: A fan forcibly entered influencer Neha Bisht's home in Delhi, demanding marriage, leading to a confrontation where he was beaten by her family and neighbors, resulting in his death a week later. The fan, Abhinav, who worked in Chennai, was upset by Neha's engagement announcement and traveled to Delhi to confront her, despite having no personal acquaintance with her. Following the incident, Neha's father and a neighbor were arrested for involuntary manslaughter, and police are reviewing CCTV footage to identify other suspects involved.