'സോഷ്യൽമീഡിയ ഇൻഫ്ളുവൻസറാകണം'; ലക്ഷങ്ങൾ മാസശമ്പളമുള്ള ജീവനക്കാരൻ 'വിദ്യാര്‍ഥി'യായി IIT-യിൽ, പിടിയിൽ

മുംബൈ: വിദ്യാര്‍ഥിയെന്ന വ്യാജേന ഐഐടി ബോംബെ ക്യാംപസില്‍ താമസിച്ച 22-കാരന്‍ പിടിയില്‍. ബിലാല്‍ അഹമ്മദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ടാഴ്ചയോളം ക്യാംപസില്‍ താമസിച്ചിരുന്നതായാണ് വിവരം. ഇന്റലിജന്‍സ് ബ്യൂറോയും ഭീകരവിരുദ്ധ ഏജന്‍സികളും ബിലാലിനെ ചോദ്യം ചെയ്യുന്നുണ്ട്.
ജൂണ്‍ 26-ന് സ്ഥാപനത്തിലെ ഒരു ജീവനക്കാരനാണ് ബിലാല്‍ സോഫയില്‍ കിടന്നുറങ്ങുന്നത് കണ്ടിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് സിസിടിവി വഴി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഐഐടിയിലെ വിദ്യാര്‍ഥിയല്ലെന്ന് കണ്ടെത്തുകയായിരുന്നു. കോളേജ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.14 ദിവസത്തേക്ക് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വിദ്യാര്‍ഥി ചമഞ്ഞ് ക്യാംപസിലെത്തിയ ബിലാല്‍ കോളേജിലെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നതായാണ് അധികൃതര്‍ അറിയിക്കുന്നത്. ഹോസ്റ്റല്‍ മുറികളിലെ സോഫകളില്‍ കിടന്നുറങ്ങുകയും സൗജന്യമായി കോഫി കിട്ടുന്നയിടങ്ങളില്‍ സ്ഥിരം സന്ദര്‍ശനം നടത്തിയിരുന്നതായും കോളേജ് അധികൃതര്‍ പറഞ്ഞു. പിഎച്ച്ഡി വിദ്യാര്‍ഥി എന്നാണ് ബിലാല്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. വ്യാജരേഖകളും ഇയാള്‍ ഉപയോഗിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട സെമിനാറില്‍ ബിലാല്‍ പങ്കെടുത്തിരുന്നതായാണ് മുംബൈ ക്രൈം ബ്രാഞ്ച് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം ഒരു മാസത്തോളം കഴിഞ്ഞിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വിശദപരിശോധനകള്‍ക്കായി ഇയാളുടെ മൊബൈല്‍ഫോണ്‍ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഫോണില്‍ നിന്ന് ക്യാംപസിനുള്ളിലെ വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്. 21-ഓളം ഇ-മെയിലുകള്‍ ഇയാള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിവിധ ബ്ലോഗുകളുമായി ബന്ധപ്പെട്ടാണ് ഇ-മെയിലുകള്‍ സൃഷ്ടിച്ചതെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാകാനാണ് തന്റെ ആഗ്രഹമെന്നും ഇയാള്‍ പറയുന്നു.
ബിലാല്‍ സൂറത്തിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണെന്നാണ് വിവരം. മാസം ഏകദേശം 1.25 ലക്ഷത്തോളം ശമ്പളവുമുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റെയ്ന്‍, ദുബായ് എന്നിവിടങ്ങളില്‍ ഇയാള്‍ യാത്ര ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയും ഭീകരവിരുദ്ധ ഏജന്‍സികളും ബിലാലിനെ ചോദ്യം ചെയ്യുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ ഘടകങ്ങള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
Content Highlights: Fake Student Stays At IIT Bombay For 14 Days arrested