മോദിക്കും ഒബാമയ്ക്കും ഒപ്പമുള്ള വ്യാജ ഫോട്ടോകള്‍, 'സെക്‌സ് ടോയ്'; ആള്‍ദൈവം ചൈതന്യാനന്ദയുടെ മുറിയില്‍ 'പോണ്‍' സിഡികളും

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം 'സ്വാമി ചൈതന്യാനന്ദ സരസ്വതി'യില്‍ നിന്ന് വ്യാജ ചിത്രങ്ങളും കണ്ടെടുത്ത് പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, യുകെയിലെ ഒരു രാഷ്ട്രീയക്കാരന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചൈതന്യാനന്ദയുടെ വ്യാജ ചിത്രങ്ങളാണ് ബുധനാഴ്ച പോലീസ് കണ്ടെടുത്തത്. ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രങ്ങളാണ് പോലീസ് കണ്ടെടുത്തത്.
ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിലെ 17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. നഗരത്തിലെ വസന്ത് കുഞ്ച് പ്രദേശത്തെ ഇയാളുടെ ആശ്രമത്തിലെ മുറിയില്‍ നിന്നാണ് ചിത്രങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
നേരത്തേ ഇയാളില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും വിസിറ്റിങ് കാര്‍ഡുകളും കണ്ടെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥിരം അംബാസഡറാണെന്നതായിരുന്നു ഒന്ന്. മറ്റൊന്ന് ബ്രിക്‌സിന്റെ ഇന്ത്യന്‍ പ്രത്യേക ദൂതനാണെന്ന് പരിചയപ്പെടുത്തുന്നതുമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ പേരിലും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ചൈതന്യാനന്ദ സ്വന്തമാക്കിയ രണ്ട് വ്യാജ പാസ്പോര്‍ട്ടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് സ്വാമി പാര്‍ഥ സാരഥി എന്ന പേരിലും മറ്റൊന്ന് സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പേരിലുമാണ്.
മാത്രമല്ല, ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ 122 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ഓഗസ്റ്റ് മാസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഒടുവില്‍ ഞായറാഴ്ച വെളുപ്പിന് ആഗ്രയില്‍നിന്നാണ് ഇയാള്‍ ഡല്‍ഹി പോലീസിന്റെ പിടിയാകുന്നത്. കഴിഞ്ഞ ഒരു മാസമായി ആഗ്ര മഥുര വൃന്ദാവന്‍ എന്നിവിടങ്ങളില്‍ വേഷംമാറി ഒളിച്ചുകഴിയുകയായിരുന്നു. ഇയാളുടെ എട്ടുകോടി രൂപയുടെ സ്വത്തുക്കളും പോലീസ് മരവിപ്പിച്ചിരുന്നു.
ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ സെക്‌സ് ടോയിയും അശ്ലീല സിഡികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ ഉത്തരാഖണ്ഡിലെ അല്‍മോറ, ബാഗേശ്വര്‍ എന്നിവിടങ്ങളിലെ സ്ഥലങ്ങളും പ്രത്യേക പോലീസ് സംഘം സന്ദര്‍ശിച്ചു.
Content Highlights: Self-proclaimed godman Swami Chaitanyananda caught with fake photos of him with PM Modi, Obama, and adult CDs in his ashram. Police investigation ongoing.