ലഹരിയന്വേഷിച്ചെത്തി, പോലീസ് കണ്ടത് 41 കമ്പ്യൂട്ടറുകൾ; തൂഫാനിൽ കുടുങ്ങിയത് സംസ്ഥാനത്തെ ഞെട്ടിച്ച സംഘം

തിരുവനന്തപുരം: ശ്രീകാര്യം കേന്ദ്രീകരിച്ച് വിദേശികളെ ലക്ഷ്യമിട്ട് കോടികളുടെ വ്യാജ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര കോൾ സെന്റർ സംഘത്തെ സിറ്റി പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡിലാണിത്. കേന്ദ്രം നടത്തിയ 13 ഉത്തരേന്ത്യക്കാരെ അറസ്റ്റുചെയ്തു. 41 കംപ്യൂട്ടറുകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു.
അമേരിക്കയിൽനിന്നുൾപ്പെടെയുള്ള വിദേശ ബിസിനസുകാരുടെ ഫോൺനമ്പറുകൾ ശേഖരിച്ചിരുന്ന മുഖ്യ ആസൂത്രകൻ ഗുജറാത്ത് സ്വദേശിയാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
അതിഥിത്തൊഴിലാളികൾ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണമാണ് വൻ സൈബർ തട്ടിപ്പുസംഘത്തിലേക്ക് വഴിമാറിയത്. ലഹരി പിടിക്കാനെത്തിയ ഡാൻസാഫ് സംഘം പരിശോധിച്ച കേന്ദ്രത്തിൽനിന്ന് മുങ്ങിയ പ്രതി കപിൽ ഠാക്കൂറിനെ വിമാനത്താവളത്തിൽവെച്ച് വിമാനത്തിൽനിന്ന് പോലീസ് പിടികൂടി. ഡോളറിൽ വായ്പനൽകാമെന്ന് വാഗ്ദാനംനൽകി നടപടിക്രമങ്ങൾക്കായി മുൻകൂറായി പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. പണം തട്ടുന്നതിന് ഫോൺവഴി ഭീഷണി മുഴക്കിയതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പുസംഘത്തെ പിടികൂടുന്നത്.
കണ്ടെത്തിയത് സംസ്ഥാനത്തെ ഞെട്ടിച്ച ലോൺ ആപ്പ് തട്ടിപ്പുസംഘത്തെ
സിറ്റി പോലീസ് കമ്മിഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘത്തിന് ഒരു പൊൻതൂവൽകൂടി. ലഹരിമാഫിയയുടെ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലോൺ ആപ്പിലൂടെ കോടികളുടെ തട്ടിപ്പുനടത്തുന്ന സംഘത്തെയായിരുന്നു.
ശ്രീകാര്യം ചേന്തിക്കടുത്തുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ നടത്തിയ റെയ്ഡിലായിരുന്നു തട്ടിപ്പുസംഘത്തെ പിടികൂടാനായത്. ഐ.ടി. കമ്പനിയെന്ന വ്യാജേനയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ആഡംബരക്കെട്ടിടം വാടകയ്‌ക്കെടുത്താണ് പ്രവർത്തനം. കെട്ടിടം മുഴുവനും തൂത്തുപെറുക്കി നടത്തിയ പരിശോധനയിൽ മയക്കുമരുന്നുകൾ കണ്ടെത്താനായില്ല. പകരം സംസ്ഥാനത്തും രാജ്യത്തെ വിവിധയിടങ്ങളിലുമുള്ളവരുടെ ബാങ്ക് രേഖകളും പാൻ കാർഡുകളും ആധാറും ഉൾപ്പെട്ടവയുടെ വിവരങ്ങൾചേർത്ത വിവിധ ഫയലുകൾ കംപ്യൂട്ടറുകളിൽ ഓരോ ഫയലായി രേഖപ്പെടുത്തിയിരുന്നു.
സംശയത്തെ ത്തുടർന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴായിരുന്നു ലോൺ ആപ്പ് സംഘമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവർഷമായി പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിനുപോലും കണ്ടെത്താനാകാത്ത തട്ടിപ്പുസംഘത്തെയാണ് നർക്കോട്ടിക് അസി. കമ്മിഷണറുടെ നേതൃത്വത്തിലെത്തിയ ഡാൻസാഫ് സംഘം യാദൃച്ഛികമായി പിടികൂടിയത്.
ഐ.ടി. കമ്പനിയെന്ന് ജീവനക്കാർ വാദിച്ചുവെങ്കിലും പോലീസിന്റെ തുടർചോദ്യങ്ങൾക്ക് ജീവനക്കാർക്ക് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് കംപ്യൂട്ടറുകളിലെയും ലാപ്‌ടോപ്പുകളിലെയും ഡേറ്റകൾ പരിശോധിച്ചതോടെയാണ് സംസ്ഥാനത്ത് മാത്രമല്ല രാജ്യത്താകെ നെറ്റ്വർക്കുള്ള തട്ടിപ്പുസംഘമാണെന്ന് കണ്ടെത്താനായത്.
10 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള തുകകൾ വായ്പനൽകുന്നുവെന്നുള്ള പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങൾവഴി വ്യാപകമാക്കിയാണ് തട്ടിപ്പ്. 20 ലക്ഷം ലോണെടുക്കുന്നയാൾ ആദ്യഘട്ടത്തിൽ രണ്ടുലക്ഷം മുൻകൂറായി അടയ്ക്കണം. തുടർന്ന് ലോൺ അനുവദിക്കും. എന്നാൽ, അക്കൗണ്ടിൽ പണം ലഭിക്കാതെവരുമ്പോൾ തിരികെവിളിച്ചാൽ അത്തരം നമ്പറോ ശേഷിക്കുന്ന വിവരങ്ങളോ ലഭിക്കാറില്ല. ഇത്തരത്തിൽ കോടികളുടെ തട്ടിപ്പാണ് സംഘം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പോലീസ് കണ്ടെടുത്ത കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും മുഴുവനും പരിശോധിക്കും.
ജാഗ്രതാനിർദേശവുമായി കേരള പോലീസ്
സാമൂഹികമാധ്യമങ്ങളിലൂടെയും എസ്.എം.എസ്., വ്യാജ വെബ്‌സൈറ്റുകൾ എന്നിവ വഴിയും വ്യാജ വായ്പാവാഗ്ദാനങ്ങൾ നൽകി പണംതട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്.
അംഗീകൃത ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് പ്ലേസ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ മാത്രം ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു. വിവിധ പേരുകളിൽ മുൻകൂർ പണം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളെ ഒഴിവാക്കുക. ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ, ഒ.ടി.പി., യു.പി.ഐ.പിൻ, സി.വി.വി. തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്.
തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാൽ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുക. അമിതപലിശയും അസാധാരണ തിരിച്ചടവും സമ്മർദവും ചെലുത്തുന്ന ലോൺ ആപ്പുകൾ ഒഴിവാക്കുക. സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽണമെന്നും പോലീസ് അറിയിച്ചു.
വ്യാജ ലോൺ ആപ്പ് സംഘം ശ്രീകാര്യത്ത് എത്തിയത് ഒന്നരമാസം മുൻപ്
ശ്രീകാര്യത്തുനിന്നു പിടികൂടിയ വ്യാജ ലോൺ ആപ്പ് സംഘം ഒന്നരമാസം മുൻപാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. പോങ്ങുംമൂട് കെട്ടിടം വാടകയ്ക്കെടുത്താണ് പ്രവർത്തിച്ചിരുന്നത്. ലോൺ ആപ്പ് പ്രതിനിധികളെന്ന വ്യാജേനെയാണ് ഇവർ വിദേശികളെ ബന്ധപ്പെട്ടിരുന്നത്.
പ്രാദേശിക അമേരിക്കൻ ഭാഷാശൈലിയിൽ സംസാരിച്ച് കുറഞ്ഞ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുകയും, പ്രോസസിങ് ഫീസ് ഇനത്തിൽ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തശേഷം ഫോൺകോളുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുകയുമായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രത്യേക പരിശീലനം നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. പോങ്ങുംമൂട്ടിലേക്ക് ഓഫീസ് മാറ്റുന്നതിനുമുൻപ് കുമാരപുരം, ഉള്ളൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രാജ്യാന്തരതലത്തിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു സംശയങ്ങളും മുൻനിർത്തിയുള്ള അന്വേഷണത്തിൽ എ.ടി.എസും പങ്കാളികളായി.
രണ്ടുപേർ രക്ഷപ്പെട്ടത് പരിശോധനക്കിടെ
സംഘത്തിലെ പ്രധാനിയെന്നു കരുതുന്ന മാനേജരും അഹമ്മദാബാദ് സ്വദേശികളായ അഖിൽ ചൗധരിയും കപിൽ ഠാക്കൂരും രക്ഷപ്പെട്ടത് പരിശോധന നടക്കുന്നതിനിടെ. ഇതിൽ കപിൽ ഠാക്കൂറിനെ പോലീസ് അറിയിച്ചതനുസരിച്ച് വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പോലീസിനു കൈമാറുകയായിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ലോൺ ആപ്പുവഴി പണം നൽകാമെന്ന് ആളുകളെ പറ്റിച്ച് പണംതട്ടിയ സംഘത്തെ പിടികൂടുന്നത്.
Content Highlights: Police uncovered an international loan app scam during a raid targeting drug trafficking., 13 suspects arrested and 41 computers seized in Operation Toofan., The gang targeted foreign nationals using fake loan promises and processing fees., The racket operated under the guise of an IT company in Sreekaryam., Authorities advise using official app stores and reporting fraud via 1930.