ദിവ്യശക്തിയാൽ സുഖപ്പെടുത്തുമെന്ന് വാഗ്ദാനം; 'ആൾദൈവം' ടെക്കിയിൽനിന്ന് തട്ടിയത് 14 കോടി രൂപ, പിടിയിൽ

പുനെ: ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന രണ്ട് പെൺമക്കളെ തന്റെ 'ദിവ്യശക്തി' ഉപയോഗിച്ച് സുഖപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് ഐടി പ്രൊഫഷണലിൽനിന്ന് 14 കോടി രൂപ തട്ടിയെടുത്ത സ്വയം പ്രഖ്യാപിത ആൾദൈവമടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ദിവ്യമായ രോഗശാന്തി ശക്തിയുണ്ടെന്ന് അവകാശപ്പെട്ട ആൾദൈവം തന്നെ വഞ്ചിച്ചതായി ആരോപിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ദീപക് ദോലസ് പൂനെ പോലീസിൽ പരാതി നൽകിയിരുന്നു.
കോത്രുഡ് പോലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയും പിന്നീട് കേസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയും ചെയ്തു. നാസിക്കിൽ നിന്നുള്ള ആൾദൈവം ദീപക് ജനാർദൻ ഖഡ്കെയും പൂനെയിലെ കോത്രുഡിൽ നിന്നുള്ള ദമ്പതികളുമാണ് അറസ്റ്റിലായത്. സന്യാസിയായ ശങ്കർ മഹാരാജിന്റെ മകളും മരുമകനുമാണെന്ന് അവകാശപ്പെട്ട ദമ്പതികളാണ് ഇവർ.
'ദൈവിക ഇടപെടലിലൂടെ' തന്റെ പെൺമക്കളെ സുഖപ്പെടുത്താൻ കഴിയുമെന്ന് ആൾദൈവം കുടുംബത്തിന് ഉറപ്പു നൽകിയതായി പരാതിക്കാരൻ പറയുന്നു. ദീപക് ദോലസ് മുൻപ് ജോലി ചെയ്തിരുന്ന യുകെയിലെ വീട്, പുണെയിലെ ഭൂമി, ഗ്രാമത്തിലെ കൃഷിഭൂമി എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കൾ വിറ്റാണ് 14 കോടി രൂപ പലപ്പോഴായി കൈമാറിയത്.
പണം നൽകിയിട്ടും പെൺമക്കളുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും ദീപക് പരാതിയിൽ പറയുന്നു.
Content Highlights: A self-proclaimed `godman` and two others were arrested for allegedly cheating an IT professional of ₹14 crore by promising divine healing for his daughters. Learn more about this shocking scam.