ഒറിജിനലിനെ വെല്ലുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ; തട്ടിപ്പ് കോച്ചിങ് സെന്ററുകളുടെ മറവിൽ, അറസ്റ്റ്

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: വിവിധ സർവകലാശാലകളിൽ നിന്നും ഡി​ഗ്രി യോ​ഗ്യത തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ  നിർമ്മിച്ച് തട്ടിപ്പ് നടത്തിയ റാക്കറ്റ് ഡൽഹിയിൽ പിടിയിലായി. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തുടനീളമുള്ള വിവിധ സർവകലാശാലകളുടെ പേരിൽ വ്യാജമായി നിർമ്മിച്ച മുന്നൂറോളം സർട്ടിഫിക്കറ്റുകൾ ഓപ്പറേഷനിൽ കണ്ടെത്തി. കോച്ചിങ് സെന്ററുകൾ, വിദ്യാഭ്യാസ കൺസൾട്ടൻസികൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ റാക്കറ്റാണ് പിടിയിലായതെന്നും ഡിഗ്രികൾ, മാർക്ക് ഷീറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായി നിർമ്മിച്ചു നൽകി വിദ്യാർഥികളിൽ നിന്നും വലിയ തുക കൈപ്പറ്റുകയായിരുന്നുവെന്നും ക്രൈം ബ്രാഞ്ച് സ്പെഷ്യൽ കമ്മീഷണർ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു. 228 വ്യാജ മാർക്ക് ഷീറ്റുകൾ, 27 വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, 20 വ്യാജ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഓപ്പറേഷനിടെ കണ്ടെടുത്തതായി അദ്ദേഹം വ്യക്തമാക്കി.

പ്രതികൾ ഉപയോ​ഗിച്ചിരുന്ന 20 മൊബൈൽ ഫോണുകളും ആറ് ലാപ്ടോപ്പുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ഫോറൻസിക് പരിശോധനയിൽ ഇവയിൽ നിന്ന് സമാനമായ അയ്യായിരത്തോളം വ്യാജ അക്കാദമിക് രേഖകളുടെ സോഫ്റ്റ് കോപ്പികളും കണ്ടെത്തി. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യസൂത്രധാരനായ പരമഹംസ് വിദ്യാപീഠം ഉടമ വിക്കി ഹർജാനിയെ പിടികൂടിയ പോലീസ് ഇയാളുടെ വാഹനത്തിലും ഓഫീസ് പരിസരത്തും നടത്തിയ പരിശോധനയിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, സിക്കിം, മേഘാലയ, തമിഴ്നാട് എന്നിവിടങ്ങളിലെ സർവകലാശാലകളുടേതിന് സമാനമായ 75 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിലൂടെ നാല് വിദ്യാഭ്യാസ സ്ഥാപന ഉടമകൾ കൂടി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. വിവേക് ഗുപ്ത, സത്ബീർ സിങ്, നാരായൺ ജീ, അവ്നിഷ് കൻസാൽ എന്നിവരാണ്  കേസിലെ മറ്റു പ്രതികൾ.

25ലധികം കോച്ചിങ് സെന്ററുകൾ ഈ ശൃംഖലയുടെ ഭാഗമാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ഡിഗ്രികൾ നേടാൻ എളുപ്പവഴികൾ തേടുന്ന വിദ്യാർഥികളെയും അക്കാദമിക് കോഴ്‌സുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നവരെയും ജോലിക്കോ ഉന്നത വിദ്യാഭ്യാസത്തിനോ അപേക്ഷിക്കാൻ സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ളവരെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം. സർവകലാശാലകൾ നൽകുന്ന യഥാർത്ഥ രേഖകൾക്ക് സമാനമായ രൂപമായിരുന്നു വ്യാജ രേഖകൾക്ക് ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും ഫ്ലയറുകളിലൂടെയും പ്രതികൾ തങ്ങളുടെ നിയമവിരുദ്ധ സേവനങ്ങൾ പ്രചരിപ്പിച്ചതായും ശ്രീവാസ്തവ പറഞ്ഞു. 

പിടിക്കപ്പെടാതിരിക്കുന്നതിന് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് പ്രതികൾ വ്യാജ പേരുകളാണ് ഉപയോ​ഗിച്ചിരുന്നത്. യോ​ഗ്യത, ഏത് സർവകലാശാലയിൽ നിന്നാണ് സർട്ടിഫിക്കറ്റ് വേണ്ടത്, എത്ര സമയത്തിനുള്ളിലാണ് രേഖകൾ വേണ്ടത് എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഉപഭോക്താക്കളിൽ നിന്ന് പ്രതിഫലം ഈടാക്കിയിരുന്നത്. മുഖ്യപ്രതിയായ വിക്കി ഹർജാനി പത്താം ക്ലാസ് യോ​ഗ്യത മാത്രമുള്ള ആളാണ്. വേഗത്തിൽ ഡിഗ്രി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെ ആകർഷിക്കുന്നതിനായി നിരവധി ടെലികോളർമാരെയും ഇയാൾ നിയമിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട്  വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേ​ഹം വ്യക്തമാക്കി.

Content Highlights: massive racket creating fake university certificates busted.