1 ലക്ഷം കൊടുത്താൽ 10 ലക്ഷം; RBIക്ക് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ; വ്യാജ നോട്ടുമായി 3 പേർ പിടിയിൽ

പാറശ്ശാല: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന വ്യാജ നോട്ടുകളുമായി ബെംഗളൂരുവിൽ നിന്നെത്തിയ മൂന്നുപേരെ പാറശ്ശാല പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ബാലരാമപുരം ഭഗവതിനട സ്വദേശികളായ സജി (31), അച്ചു (അബി-34), പൂന്തുറ സ്വദേശി അഷ്ടമൻ പോറ്റി (40) എന്നിവരാണ് പിടിയിലായത്.
ഒരുലക്ഷം രൂപ നൽകിയാൽ പത്തുലക്ഷം രൂപയുടെ വ്യാജ നോട്ട് ലഭിക്കുമെന്ന് അഷ്ടമൻ പോറ്റിയെ വിശ്വസിപ്പിച്ച് സജിയും അച്ചുവും ചേർന്ന് ബെംഗളൂരുവിലെത്തിച്ചെന്നാണ് പോലീസ് പറയുന്നത്. ഇങ്ങനെ ലഭിച്ച വ്യാജ അഞ്ഞൂറുരൂപ നോട്ടുകളുമായി തിരുവനന്തപുരത്തേക്ക് കാറിൽ വരുമ്പോൾ പാറശ്ശാല പവതിയാൻവിളയിൽ നടന്ന പോലീസ് പരിശോധനയിലാണ് ഇവർ പിടിയിലായത്. നോട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെന്നതിനു പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യയെന്നും ഫോർ പ്രൊജക്ഷൻ പർപ്പസ് ഒൺലി എന്നുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ അച്ചു പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് രണ്ടരക്കോടിയുടെ കള്ളനോട്ടുമായി പിടിയിലായിട്ടുണ്ട്.പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Three suspects arrested in Parassala with fake currency., The seized notes were labeled 'Children Bank of India' and 'For Projection Purpose Only'., The suspects claimed to offer 10 lakhs in exchange for 1 lakh genuine currency., One suspect has a prior criminal record involving a 2.5 crore fake note case.