സഹകരണ സ്ഥാപനങ്ങളിലുള്ളവരും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു, അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

ഷിഹാബിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത വ്യാജ സർട്ടിഫിക്കറ്റുകൾ, ഇന്‍സെറ്റില്‍ അറസ്റ്റിലായ ഷിഹാബ്, രവീന്ദ്രന്‍, സന്തോഷ്‌കുമാര്‍
ഷിഹാബിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത വ്യാജ സർട്ടിഫിക്കറ്റുകൾ, ഇന്‍സെറ്റില്‍ അറസ്റ്റിലായ ഷിഹാബ്, രവീന്ദ്രന്‍, സന്തോഷ്‌കുമാര്‍

കാഞ്ഞങ്ങാട് : സർവകലാശാലകളുടെ ബിരുദ-ബിരുദാനന്തരബിരുദമുൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി നൽകിയ സംഭവത്തിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്. സർട്ടിഫിക്കറ്റ് വാങ്ങിയവരെ തേടിയുള്ള അന്വേഷണത്തിലേക്കാണ് പോലീസിന്റെ അടുത്ത ചുവടുവെപ്പ്‌. കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും സർട്ടിഫിക്കറ്റുകൾ എത്തിയിട്ടുണ്ട്.

യോഗ്യതാ സർട്ടിഫിക്കറ്റുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താത്ത സ്വകാര്യ കമ്പനികളിലേക്ക് ജോലി നേടാനാണ് പലരും 'വ്യാജനെ' ഉപയോഗിച്ചത്. ആയിരത്തിലേറെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ബോധ്യപ്പെട്ടത്. ഇതിൽ പാതിയിലേറെയും പോയത് വിദേശത്തേക്കാണ്. സ്ഥാനക്കയറ്റത്തിന് ഉയർന്ന യോഗ്യത കാണിക്കേണ്ടിവരുന്ന സ്വകാര്യ കമ്പനികളിൽ കാഞ്ഞങ്ങാട്ടെ സർട്ടിഫിക്കറ്റുകൾ യഥേഷ്ടമെത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

പല സംസ്ഥാനങ്ങളിലും ഇടനിലക്കാരുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

സഹകരണ സ്ഥാപനങ്ങളിലുള്ളവരും ഉപയോഗിച്ചു

സഹകരണ സ്ഥാപനങ്ങളിലുള്ളവരും കാഞ്ഞങ്ങാട്ടെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു പെരിങ്ങേത്ത് പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം കണ്ടെത്തി മൂന്നുപേരെ അറസ്റ്റ്‌ചെയ്ത സംഭവത്തിനു പിന്നാലെ സഹകരണ ബാങ്കുകളിൽ മാനേജരായി സ്ഥാനക്കയറ്റം കിട്ടുന്നതിനടക്കം വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് പരാതികൾ ലഭിക്കുന്നതായും ഈ മേഖലയിലും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

കാഞ്ഞങ്ങാട്ടെ വ്യാജ സർട്ടിഫിക്കറ്റ് കേസിന്റെ അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചതായി ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്‍പിയുടെ മേൽനോട്ടത്തിൽ ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്കുമാറിനായിരിക്കും അന്വേഷണ ചുമതല. ഹൊസ്ദുർഗ് എസ്‌ഐ ടി. അഖിൽ ഉൾപ്പെടെ ഒൻപതു പേരാണ് സ്‌ക്വാഡിലുണ്ടാകുക. അതേസമയം റിമാൻഡിലുള്ള ഷിഹാബ്, രവീന്ദ്രൻ, സന്തോഷ്‌കുമാർ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വെള്ളിയാഴ്ച പോലീസ് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.

Content Highlights: fake certificate case kanhangad police investigation