'ബാങ്ക് ഉദ്യോഗസ്ഥയായ നിമ്മി'; ഫെയ്സ്ബുക്കില്‍ 'യുവതിയായി' 40-കാരനിൽനിന്ന് ലക്ഷങ്ങൾ തട്ടി, പിടിയിൽ

ഇരിങ്ങാലക്കുട: യുവതിയെന്ന പേരില്‍ വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്നാട് നെയ് വേലി ഇന്ദിരാനഗര്‍ സ്വദേശി ചന്ദ്രശേഖറി(28)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. കുവൈത്തില്‍ ഷെഫായി ജോലിചെയ്യുന്ന ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ 40-കാരനില്‍ നിന്ന് 2023 നവംബര്‍ ആദ്യവാരം മുതല്‍ 2024 ജനുവരി 31 വരെ പല തവണകളായി 3.15 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്കാണ് വാങ്ങിയായിരുന്നു തട്ടിപ്പ്.
ഫെയ്സ് ബുക്കില്‍ നിമ്മി എന്ന വ്യാജപ്രൊഫൈലിലൂടെയാണ് ഇയാള്‍ പരാതിക്കാരനുമായി പരിചയപ്പെട്ടത്. വാട്ട്സാപ്പ് അക്കൗണ്ടുകള്‍ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്ത് ബന്ധം പുലര്‍ത്തി. ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദില്‍ ജോലിചെയ്യുകയാണെന്നും വിശ്വസിപ്പിച്ചു. ജോലി സ്ഥിരപ്പെടുത്താന്‍ നിക്ഷേപിക്കാനാണെന്നു പറഞ്ഞാണ് പണം വാങ്ങിയത്. തട്ടിപ്പുനടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഇത് എടുത്തുകൊടുക്കുമ്പോള്‍ സുഹൃത്തിന് ചെറിയ തുക കമ്മിഷനായി നല്‍കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
ഡിസിആര്‍ബി ഡിവൈഎസ്പി എസ്.വൈ. സുരേഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. ഉല്ലാസ്കുമാര്‍, ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറും എസ്.എച്ച്.ഒ.യുമായ വര്‍ഗീസ് അലക്സാണ്ടര്‍, എസ്ഐമാരായ സൂരജ്, ടി.എന്‍. അശോകന്, സുകുമാര്‍, സീനിയര്‍ സിപിഒ മാരായ മനോജ്, അജിത്ത്കുമാര്‍, സിപിഒ മാരായ സച്ചിന്, ശ്രീനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ചന്ദ്രശേഖറിനെ റിമാന്‍ഡ് ചെയ്തു.
Content Highlights: facebook fake profile nimmi-money Fraud