കണ്ണ് ശസ്ത്രക്രിയ: 3000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലന്സ് പിടികൂടി

പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കെത്തിയ രോഗിയുടെ മകന്റെ പക്കല് നിന്നും കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധന് വിജിലന്സിന്റെ പിടിയിലായി. പത്തനംതിട്ട ജനറല് ആശുപത്രിയിലെ ഡോ. ഷാജി കെ. മാത്യുവാണ് പിടിയിലായത്.
തുമ്പമണ് സ്വദേശിയായ 33 കാരന്റെ പരാതിയിലാണ് വിജിലന്സ് ഇടപെട്ടത്. കാഴ്ചയ്ക്ക് തകരാറുള്ള പിതാവുമായി ഏതാനും ദിവസങ്ങള്ക്കുമുമ്പ് പത്തനംതിട്ട ജനറല് ആശുപത്രിയിലെ ഒ.പി.യില് എത്തിയതാണിയാള്. കണ്ണിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം അച്ഛനെ ഡിസ്ചാര്ജു ചെയ്യുമ്പോള് 3000 രൂപ നല്കണമെന്ന് ഡോക്ടര് ഇയാളോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിയുമായി ചെറുപ്പക്കാരന് വിജിലന്സിനെ സമീപിച്ചത്.
ശസ്ത്രക്രിയ കഴിഞ്ഞ 65 കാരനെ ഇന്ന് രാവിലെ ഡിസ്ചാര്ജ് ചെയ്തു. അതിനു ശേഷം ഇയാള് ഒ.പി.യിലെത്തി പറഞ്ഞ പ്രകാരം തുക നല്കി. ഇതു വാങ്ങാന് ശ്രമിക്കവേയാണ് വിജിലന്സ് ഇയാളെ നാടകീയമായി പിടികൂടിയത്. വിജിലന്സ് തന്നെ നല്കിയ 3000 രൂപയും ഇയാളുടെ പക്കല് നിന്നും കണ്ടെത്തി.
തിരുവല്ല മഞ്ഞാടി സ്വദേശിയാണ് അറസ്റ്റിലായ ഡോക്ടര്. 2005 ല് സര്ക്കാര് സര്വ്വീസില് നിന്നു വിരമിച്ച ഇയാള് എന്.എച്ച്.എമ്മിന്റെ ഭാഗമായി താല്ക്കാലിക അടിസ്ഥാനത്തില് ജോലി ചെയ്തു വരികയായിരുന്നു.
Content Highlights: eye surgeon demanding money, vigilance arrest, pathanamthitta general hospital, bribery