ഗുണ്ടകൾക്കു പിന്നാലെ പോലീസ് കണ്ണ്, ഇത് കൊച്ചി മോഡൽ

Photo: Mathrubhumi
Photo: Mathrubhumi

കൊച്ചി: സ്ഥിരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെയും ഏതെങ്കിലും കേസുകളിൽപ്പെട്ട് ജാമ്യത്തിലിറങ്ങി വിലസുന്നവരെയും നിരീക്ഷിക്കാൻ സംവിധാനവുമായി കൊച്ചി സിറ്റി പോലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും ഗുണ്ടാ സംഘങ്ങളുടെയും പട്ടികയുണ്ടാക്കി അവരെ നിരീക്ഷിക്കേണ്ട ചുമതല ഓരോ പോലീസ് ഉദ്യോഗസ്ഥർക്കായി വീതിച്ചു നൽകിയിരിക്കുകയാണ്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ ചെയ്യുന്ന പ്രവൃത്തികൾ, സംഘം ചേർന്നുള്ള ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ, മുഴുവൻ ആളുകളുടെയും മേൽവിലാസം, ഓരോരുത്തരുടെയും വീട്ടുനമ്പർ, സാമ്പത്തിക വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ നിരന്തരം പരിശോധിക്കുന്നു. സാമൂഹിക മാധ്യമ അക്കൗണ്ടിലെ വിവരങ്ങൾ, പാസ്പോർട്ട് ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ, ആസ്തി, അനധികൃത സ്വത്ത് സമ്പാദനമോ മറ്റോ ഉണ്ടെങ്കിൽ പണം കണ്ടുകെട്ടാനുള്ള നടപടികളിലേക്കും കടക്കും.

കൊച്ചി സിറ്റിയിൽ 300 പേരെയാണ് പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. കുറ്റങ്ങളുടെ രീതിയുടെ അടിസ്ഥാനത്തിൽ നാല് തരത്തിലായി തരംതിരിച്ചാണ് അന്വേഷണം. സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ, ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എ.സി.പി.മാർക്ക് മേൽനോട്ട ചുമതലയുണ്ട്. കൂടുതൽ പ്രശ്നക്കാരുടെ ചുമതല മുതിർന്ന ഉദ്യോഗസ്ഥർക്കാണ്. ഒരു മാസം മുൻപാണ് സംവിധാനം സിറ്റിയിൽ തുടങ്ങിയത്. അതിനിടെ ഇൗ 300 പേരുടെയും വീടുകളിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും പോലീസ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. ഇവരുടെ നീക്കങ്ങൾ പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായവുമുണ്ട്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അടുത്തയിടെ കോഴിക്കോട്ട്‌ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. കേസുകളിൽപ്പെട്ട് ജാമ്യത്തിലിറങ്ങിയാൽ പിന്നീടവർ എന്തുചെയ്യുന്നുവെന്ന് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർ തിരക്കാറില്ല.

ഇത്തരക്കാർ ആവർത്തിച്ച് കുറ്റങ്ങൾ ചെയ്യുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നിരീക്ഷണ കണ്ണ് ഇവർക്കു പിന്നാലെ കൂടിയത്. മറ്റൊരു കേസിൽ പിടികൂടുമ്പോഴാണ് ക്രിമിനൽ പശ്ചാത്തലം കൂടുതൽ വ്യക്തമാകുക. പോലീസ് അന്വേഷണം നിരന്തരമെത്തുമ്പോൾ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനത്തെ തടയാനാകുമെന്നാണ് പ്രതീക്ഷ.

Content Highlights: ernakulam police kochi city police