വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പ്രമോദ്, കൊല്ലപ്പെട്ട പുഷ്പലളിത, ശ്രീജയ എന്നിവര്‍ | Photo: special arrangement
പ്രമോദ്, കൊല്ലപ്പെട്ട പുഷ്പലളിത, ശ്രീജയ എന്നിവര്‍ | Photo: special arrangement

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരന്‍ പ്രമോദ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാര്‍ മരിച്ചു എന്ന് ഇളയസഹോദരന്‍ പ്രമോദാണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്.

ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ട് മുറികളിലായി കട്ടിലില്‍  വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. എന്നാല്‍, മരണവിവരം വിളിച്ചറിയിച്ച പ്രമോദ് ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കള്‍ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പ്രദീപും ശ്രീജയയും പുഷ്പലളിതയും കഴിഞ്ഞ മൂന്ന് വര്‍ഷമായി  തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 

മരിച്ച ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യപ്രശനങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും പ്രമോദിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Content Highlights: Two elderly sisters were found dead in their Kozhikode home. Post-mortem reveals strangulation