ഷാരൂഖ് സെയ്ഫി തീവ്രചിന്താഗതിക്കാരന്‍, സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ നിരന്തരം കണ്ടു- എ.ഡി.ജി.പി.

എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു(ഇടത്ത്) ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി(വലത്ത്)
എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു(ഇടത്ത്) ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി(വലത്ത്)

കോഴിക്കോട്:  എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. ഷാരൂഖ് സെയ്ഫി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഷാരൂഖ് സെയ്ഫി തീവ്രചിന്താഗതിയുള്ള ആളാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ മനസിലായത്. സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ളവരുടെ വീഡിയോകള്‍ ഇയാള്‍ നിരന്തരം കണ്ടിരുന്നു. ആക്രമണം ആസൂത്രണം ചെയ്തുതന്നെയാണ് ഇയാള്‍ വന്നതെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. 

ഇതുവരെ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ എല്ലാതെളിവുകളും ശേഖരിച്ചു. അന്വേഷണത്തിന്റെ ചെറിയകാലയളവേ ആയിട്ടുള്ളൂ. ഇക്കാലയളവില്‍ കുറ്റകൃത്യത്തെക്കുറിച്ചുള്ള തെളിവുകളും മറ്റും ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഇത് വിപുലമായി അന്വേഷിക്കേണ്ട കേസാണെന്നും എ.ഡി.ജി.പി. പറഞ്ഞു. 


 

Content Highlights: elathur train fire attack adgp says about the investigation and accused