ഇലന്തൂർ നരബലി കേസിൽ ലൈലയ്ക്ക് ജാമ്യമില്ല; കൃത്യത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് ഹൈക്കോടതി

1. ഇലന്തൂർ നരബലി കേസിലെ പ്രതി ലൈല, 2. കേരള ഹൈക്കോടതി | Photo: Mathrubhumi Archives
1. ഇലന്തൂർ നരബലി കേസിലെ പ്രതി ലൈല, 2. കേരള ഹൈക്കോടതി | Photo: Mathrubhumi Archives

കൊച്ചി : ഇലന്തൂർ നരബലി കേസിലെ ഗൂഢാലോചനയിലും കൃത്യനിർവഹണത്തിലും പ്രഥമദൃഷ്ട്യാ മൂന്നാംപ്രതി കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങിന് പങ്കുണ്ടെന്ന് ഹൈക്കോടതി. അവരുടെ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് സോഫി തോമസിന്റെ നിരീക്ഷണം. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരതയാണ് നടന്നതെന്നും കോടതി പറഞ്ഞു. മനുഷ്യസമൂഹത്തിനുതന്നെ അപമാനമാണിത്. ആരോപണം തെളിഞ്ഞാൽ സംസ്കാര സമ്പന്നമായ സമ്പൂർണ സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം രാജ്യത്തിന് ഏൽക്കുന്ന കനത്ത പ്രഹരമായിരിക്കും അതെന്നും കോടതി പറഞ്ഞു. നരബലി ലക്ഷ്യമിട്ട് കാലടി സ്വദേശി റോസ്‌ലിയെ തട്ടിക്കൊണ്ടുപോയി പത്തനംതിട്ട ഇലന്തൂരുള്ള ഭഗവൽസിങ്ങിന്റെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ലൈലയുടെ ഭർത്താവ് ഭഗവൽസിങ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.

പ്രതിയെ ജാമ്യത്തിൽ വിടുന്നത് സമൂഹത്തിന്റെ സമാധാനത്തെ ബാധിക്കുമെന്നും അവരുടെ സാന്നിധ്യം തന്നെ ഭീതിപരത്തുമെന്നും കോടതി പറഞ്ഞു. ഇവരെ മനുഷ്യർ എന്ന് വിളിക്കാൻപോലും കഴിയില്ല. ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും നൽകുക എന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസ് ഡയറിയടക്കം കോടതി പരിശോധിച്ചു. റോസ്‌ലി മരിക്കുന്നതിനുമുൻപ് നഗ്നചിത്രം ഫോണിൽ പകർത്തിയതും തുടർന്ന് ഇരയുടെ ശരീരഭാഗങ്ങൾ പാകം ചെയ്തതും ലൈലയാണെന്നതിന്റെ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. ലൈലയുടെ പങ്ക് വ്യക്തമാക്കുന്ന മൊബൈൽ ചാറ്റുകളും ഹാജരാക്കി.

Content Highlights: High court of Kerala denied bail for Laila Bhagaval Singh, accused in Elanthoor human sacrifice case