എളമക്കരയിൽ സ്കൂൾ വിദ്യാർഥിനിയെ കാർ ഇടിച്ച് തെറിപ്പിച്ച കേസിൽ വഴിത്തിരിവ്

കൊച്ചി: എളമക്കരയിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയെന്നു കരുതിയ സംഭവത്തിൽ വഴിത്തിരിവ്. അപകടമുണ്ടാക്കിയത് കറുത്ത കാറാണെന്നായിരുന്നു നിഗമനം. എന്നാൽ, റോഡിൽ നിർത്തിയിട്ട മിനി വാനിന്റെ വാതിൽ തുറന്നപ്പോൾ സൈക്കിളിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഈ വാനിന്റെ ഡ്രൈവർ എളമക്കര സുഭാഷ് നഗറിൽ മുണ്ടയ്ക്കൽപറമ്പ് വീട്ടിൽ രാജി (54) യെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. വാൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാനിന്റെ വാതിൽ പെട്ടെന്നു തുറന്നപ്പോൾ സൈക്കിളിൽ ഇടിച്ചു. ഇതോടെ കുട്ടി റോഡിലേക്ക് വീണു. ഇതേസമയം ഒരു കറുത്ത കാർ ഇതുവഴി കടന്നുപോകുകയും ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 3.40-ഓടെ എളമക്കര പുന്നയ്ക്കൽ ഭാഗത്ത് പീപ്പിൾ അർബൻ കോ - ഓപ്പറേറ്റീവ് ബാങ്കിനു സമീപമായിരുന്നു അപകടം. എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ദീക്ഷിതയ്ക്കാണ് സ്കൂളിൽനിന്ന് സൈക്കിളിൽ വീട്ടിലേക്ക് പോവുമ്പോൾ അപകടമുണ്ടായത്. അപകടത്തിൽ കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടായപ്പോൾ രാജിയാണ് കുട്ടിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ആദ്യമെത്തിയത്.
തെളിവായത് ഇടറോഡിലെ ദൃശ്യം
അപകടമുണ്ടായ റോഡിലെ ദൃശ്യങ്ങളിൽ സൈക്കിളിൽ വരുന്ന പെൺകുട്ടി വീഴുന്നതും കാർ കടന്നുപോകുന്നതുമാണ് ഉണ്ടായിരുന്നത്. നിർത്താതെ പോയ കാറിന്റെ ഡ്രൈവറെ കണ്ടെത്തി ചോദ്യംചെയ്തതിൽ ആ വാഹനമല്ല അപകടമുണ്ടാക്കിയതെന്ന് വ്യക്തമായി. എസിപി പി. രാജ്കുമാറിന്റെ മേൽനോട്ടത്തിൽ എളമക്കര പോലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അപകടം നടന്ന സ്ഥലത്തിനു സമീപത്തെ ചെറു ജങ്ഷനിലെ ഇടറോഡിൽനിന്നുള്ള സിസിടിവി ദൃശ്യം ലഭിച്ചു. അതിൽ വാനിന്റെ വാതിൽ അശ്രദ്ധമായി തുറന്നതാണ് അപകടത്തിനു കാരണമെന്ന് കണ്ടെത്തി.
എളമക്കരയിൽ സ്കൂൾ വിദ്യാർഥിനി അപകടത്തിൽപ്പെട്ടതിൽ വഴിത്തിരിവ്
Content Highlights: Turn of events in the Elamakkara student hit-and-run case. The accident involved a white van, not a black car. Police have arrested the van driver.