സെക്സ് റാക്കറ്റ് കേസ്: ഇതുവരെ 2 പരാതികൾ, കൂടുതൽ പരാതികൾക്കായി വനിതാ എസ്ഐയുടെ നമ്പർ നൽകി പോലീസ്

കൊച്ചി: വിദേശജോലിയുടെയും മോഡലിങ്ങിന്റെയും പേരിൽ ദുബായ് കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യാന്തര സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതൽ പരാതികൾ വരുമെന്ന പ്രതീക്ഷയിൽ പോലീസ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഇവരുടെ വലയിൽ നിരവധി മലയാളികൾ കുടുങ്ങിയതായാണ് വിവരം. സംഘത്തിന്റെ നിരന്തര ഭീഷണികൾക്ക് വഴങ്ങാതെ എറണാകുളം സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് സെക്‌സ് റാക്കറ്റിന്റെ മറനീക്കി പുറത്തുവന്നത്.
ദുബായ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് കൊച്ചി സിറ്റി പോലീസിന് ലഭിച്ചിരിക്കുന്നത്. വഞ്ചിതരായ യുവതികൾക്ക് ദുരനുഭവം ഭയംകൂടാതെ അറിയിക്കാൻ സിറ്റി പോലീസിലെ വനിതാ എസ്.ഐ.യുടെ ഫോൺ നമ്പർ ഉൾപ്പെടെ അന്വേഷണസംഘം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പേടികൊണ്ടും അപമാനം ഭയന്നും പലരും പരാതിയുമായി രംഗത്തുവരാത്ത സാഹചര്യത്തിലാണ് ഈ നീക്കം. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ യുവതികൾ ദുബായിൽ സമാനസാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും ചിലർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് മരട് പോലീസിൽ പരാതിനൽകിയ യുവതിയുടെ മൊഴിയിലുള്ളത്.
ബ്യൂട്ടീഷ്യൻ, മോഡൽ എന്നിങ്ങനെ പറഞ്ഞ് യുവതികളെ രഹസ്യകേന്ദ്രങ്ങളിലും ഫ്‌ലാറ്റുകളിലും എത്തിക്കുന്ന സംഘം, ഇപ്പോഴും കേരളത്തിൽ സജീവമാണെന്ന് പോലീസ് പറയുന്നു. പിടിയിലായ പ്രതികളുടെ ഫോൺ രേഖകളുടെയും വാട്സാപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ കണ്ണികളെയും ഇരകളെയും കുറിച്ചുള്ള വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Content Highlights: International sex racket operating from Dubai targeting Malayali women., Two formal complaints registered with Kochi City Police., Police have released a dedicated helpline number for victims to report anonymously., Investigation ongoing into WhatsApp chats and phone records of suspects., Victims are being lured under the guise of modeling and beautician jobs.