‘സ്വർണമെവിടെ?’; ദുബായിൽനിന്നെത്തിയ യുവാവിനെ തോക്കിൻമുനയിൽ നിർത്തി മർദനം, ഫോണും പണവും കവർന്നു

കൊച്ചി വിമാനത്താവളം | പ്രതീകാത്മകചിത്രം- Photo: Mathrubhumi
കൊച്ചി വിമാനത്താവളം | പ്രതീകാത്മകചിത്രം- Photo: Mathrubhumi

നെടുമ്പാശ്ശരേി: ദുബായിയിൽനിന്നും നാട്ടിലേക്കുവന്ന യുവാവിനെ കൊച്ചി വിമാനത്താവളത്തിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽകയറ്റി മർദിച്ച് മൊബൈൽ ഫോണും സാധനങ്ങളടങ്ങിയ ബാഗും തട്ടിയെടുത്തശേഷം ആറംഗസംഘം വഴിയിൽ തള്ളി. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം.

കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ മുഹമ്മദ് ഷാഫി (40) യെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച പുലർച്ചെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലിറങ്ങിയശേഷം ഇന്റർനാഷണൽ ടെർമിനലിൽ നിന്നും പ്രീ-പെയ്ഡ് ടാക്സി കൗണ്ടറിലേക്കുപോകുമ്പോൾ പിന്നിൽനിന്നുംവന്ന മൂന്നുപേർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലമായി കാറിൽ കയറ്റിയെന്നും കാറിൽ മറ്റ് മൂന്നുപേർകൂടി ഉണ്ടായിരുന്നുവെന്നും മുഹമ്മദ് ഷാഫി പറയുന്നു. ഒരുലക്ഷംരൂപ വിലവരുന്ന ഐഫോണും ഹാൻഡ്‌ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയെന്നും സ്വർണം എവിടെയാണെന്ന് ചോദിച്ച് മർദിച്ചുവെന്നും ഷാഫി പറയുന്നു. പല സ്ഥലങ്ങളിലായി കറങ്ങിയശേഷം പുലർച്ചെ രണ്ടരയോടെ ആലുവ പറവൂർ കവലയിൽ ഇറക്കിവിട്ടു. ഉപദ്രവിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി.

ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറിബോയ് ആയാണ് മുഹമ്മദ് ഷാഫി ജോലിചെയ്യുന്നത്. 2024 മേയിലാണ് ഒടുവിൽ നാട്ടിലെത്തി മടങ്ങിയത്. ആദ്യമായാണ് കൊച്ചി വിമാനത്താവളംവഴി വരുന്നത്. ആലുവ ഡിവൈഎസ്‌പി പി.കെ. രാജേഷിന്റെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകലിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ക്യാമറകളും പോലീസ് പരിശോധിക്കും.

Content Highlights: Dubai Returnee Robbed and Abducted at Kochi Airport by Armed Gang; Gold Smuggling Suspected