'ഷഹ്‌നയും പഠിക്കാൻ മിടുക്കിയായിരുന്നു', ഓർമിപ്പിച്ച് കോടതി;അറസ്റ്റ് പോലീസിന്റെ പ്രതികാരമെന്ന് റുവൈസ്

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥി ഡോ. ഇ.എ. റുവൈസ് ഹൈക്കോടതിയില്‍. ജാമ്യ ഹര്‍ജിയില്‍ വാദത്തിനിടെയാണ് റുവൈസിന്റെ അഭിഭാഷകന്‍ ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍, അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും വാദം കേട്ട ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് റുവൈസിനെ കോളേജില്‍നിന്ന് പുറത്താക്കിയെന്നും പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. എന്നാല്‍, മരിച്ച ഷഹനയും പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഹര്‍ജി 20-ലേക്ക് മാറ്റി.
സ്ത്രീധനം കുറയുമെന്ന കാരണത്താല്‍ റുവൈസ് വിവാഹത്തില്‍നിന്നു പിന്മാറിയതിലുള്ള മനോവിഷമം കാരണം മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഡിസംബര്‍ നാലിനാണ് ഷഹന ആത്മഹത്യ ചെയ്തത്.
അറസ്റ്റിലായ ഡോ. റുവൈസ് ഡിസംബര്‍ ഏഴു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റുവൈസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീ. സി.ജെ.എം. കോടതി തള്ളിയിരുന്നു.
വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീധന നിരോധന നിയമപ്രകാരം തനിക്കെതിരേ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും ഷഹനയുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നുമാണ് റുവൈസിന്റെ വാദം. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് തന്നെ അറസ്റ്റ് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ല. പി.ജി. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്നു പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Content Highlights: dr shahana death case dr ruwaiz bail plea