ബ്ലാക്ക്മെയിലിങ് കേസ്; ഡോക്ടറുടെ കൈയിൽനിന്ന് കവർന്ന ഫോൺ അൻപതുകാരിയുടെ കൈയിൽ എങ്ങിനെ എത്തി? മൊഴിയെടുപ്പ്

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്ത ഡോക്ടർ ജോൺസൺ കെ. വർഗീസ് വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഇൻഫോപാർക്ക് പോലീസ് കേസെടുത്തതോടെ ഒളിവിൽപോയ ഡോക്ടർക്കായി ഇൻഫോപാർക്ക് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
യുവനടി അതുല്യചന്ദ്രയടക്കം അറസ്റ്റിലായ ബ്ലാക്ക്മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടർ. നടിയുടെ ബന്ധുവായ അൻപതുകാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഇയാളുടെ പേരിൽ കേസെടുത്തത്. ബ്ലാക്ക്മെയിലിങ് കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെ തിങ്കളാഴ്ച കടവന്ത്ര പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇനി അഞ്ചുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
ബന്ധുവായ അൻപതുകാരിക്ക് സുഖമില്ലെന്നും അടിയന്തരചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി മർദിച്ചെന്നും ബന്ധുവിനെ പീഡിപ്പിച്ചത് പുറത്തുപറയാതിരിക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നുമുള്ള ഡോക്ടറുടെ പരാതിയിലാണ് നടിയെയും കൂട്ടരെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ ബന്ധുവായ അൻപതുകാരിയുടെ മൊഴി കടവന്ത്ര പോലീസ് രേഖപ്പെടുത്തും. ഡോക്ടറുടെ കൈയിൽനിന്ന് കവർന്ന മൊബൈൽ ഫോൺ അൻപതുകാരിയുടെ കൈയിൽ എങ്ങിനെ എത്തിയെന്ന് അന്വേഷിക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്. ഈ മൊബൈൽ ഫോണുൾപ്പെടെ ഹാജരാക്കിയാണ് ഇൻഫോപാർക്ക് പോലീസിന് 50 കാരി പരാതി നൽകിയത്.
Content Highlights: Dr. Johnson K. Varghese suspected to have fled abroad after sexual abuse case., Infopark police issued a lookout notice for the doctor., The doctor is the complainant in the Athulya Chandra blackmail case., Accused actors and associates to be taken into police custody.