ജസ്‌ലിയയുടെ മരണം; ഹോംസ്റ്റേ ഉടമയുടെ ജാഗ്രത ഡോ.സിറിയക്കിനെ കുടുക്കി

#ന്യൂസ് ‍ഡെസ്ക്
പ്രതി പടിയിലായപ്പോൾ | Photo: Screengrab/Mathrubhumi News
പ്രതി പടിയിലായപ്പോൾ | Photo: Screengrab/Mathrubhumi News

വാഗമൺ: അങ്കമാലിയിൽ വിദ്യാർഥിനി കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി. ജോർജിനെ പിടികൂടാൻ സഹായകമായത് ഹോംസ്റ്റേ ഉടമയുടെ ജാഗ്രത.

അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം. വിദ്യാർഥിനി എടവനക്കാട് കളത്തിപ്പറമ്പിൽ ജസ്‌ലിയ ജോൺസൺ (19) കൊല്ലപ്പെട്ട കേസിലെ പ്രതി ഡോ. സിറിയക് പി. ജോർജിനെ വെള്ളിയാഴ്ച രാവിലെയാണ് വാഗമൺ പോലീസ് പിടികൂടിയത്.

വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്‌റ്റേയിൽ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാൾ. ബുധനാഴ്ച രാത്രി ഹോംസ്‌റ്റേയിൽ എത്തിയിട്ടും ഇയാൾ പുറത്തേക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോൾമുതൽ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയിൽ മുറിയിൽ ലൈറ്റും ഇട്ടില്ല. ഇതോടെ, ഇയാൾ എന്തെങ്കിലും കുറ്റംചെയ്തിട്ട് വന്നതാകുമെന്ന് ഹോംസ്‌റ്റേ ഉടമ ഭയന്നു. ഇതിനിടെ, ഇയാളുടെ ബന്ധുവിന് വാഗമണ്ണിൽ റിസോർട്ടുണ്ടെന്നും അറിഞ്ഞു. ഈ റിസോർട്ടിന്റെ പേര് സാമൂഹിക മാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ സിറിയക്കിന്റെ ചിത്രം കണ്ടു. ആ ചിത്രത്തിന് ഹോംസ്‌റ്റേയിൽ താമസിക്കുന്ന വ്യക്തിയുടെ രൂപവുമായി സാമ്യം തോന്നിയതോടെ ഉടമ, വാഗമൺ സി.ഐ.യെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് മഫ്തിയിൽ ഹോംസ്‌റ്റേയിൽ എത്തി. പോലീസാണ് എത്തിയതെന്ന് മനസ്സിലാക്കിയ പ്രതി ഇവരെ വെട്ടിച്ച് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിടികൂടി. പ്രതിയെ അങ്കമാലി പോലീസിന് കൈമാറി.

Content Highlights: Accused Dr. Cyriac P. George arrested in Vagamon., Homestay owner's vigilance played a crucial role in identification., Suspect was hiding at a homestay near Kannamkulam., Police apprehended the accused after a failed escape attempt., The case pertains to the death of B.Com student Jasliya Johnson.