സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ: ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തം

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ചെന്നൈ: സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത യുവതിയുടെ ഭർത്താവും അമ്മയും ഉൾപ്പെടെ നാലു പേർക്ക് അരിയല്ലൂർ മഹിളാ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

അരിയല്ലൂരിലെ ഗ്രാമത്തിലെ രാജേന്ദ്രന്റെയും ആണ്ടാളിന്റെയും മകൾ കനകവല്ലിയാണ് സ്ത്രീധന പീഡനം താങ്ങാനാവാതെ ജീവനൊടുക്കിയത്. ഭർത്താവ് കാരൈക്കുടി സ്വദേശി സെന്തിൽ കുമാരവേൽ, ഇയാളുടെ അമ്മ കലാവതി ഉൾപ്പെടെ നാലു പേർക്കാണ് ശിക്ഷ. 2018-ലാണ് കനകവല്ലിയും സെന്തിൽ കുമാരവേലും വിവാഹിതരായത്. 25 പവൻ ആഭരണമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ, സെന്തിൽ കുമാരവേലിന്റെ അമ്മ വീണ്ടും പത്തു പവൻ സ്വർണവും ഇരുചക്ര വാഹനവും ആവശ്യപ്പെട്ടു. ഇതു നൽകാൻ കനകവല്ലിയുടെ രക്ഷിതാക്കൾക്ക് സാധിച്ചിരുന്നില്ല.

ഇതിന്റെ പേരിൽ കനകവല്ലി ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായി. അതിനിടയിൽ കനകവല്ലിയുടെ അച്ഛൻ ഹൃദയാഘാതംമൂലം മരിച്ചു. പിന്നാലെ കനകവല്ലിയും ജീവനൊടുക്കി.

Content Highlights: Dowry death: Ariyalur court awards life for four including victim's husband, mother-in law