കാറ് കേടാക്കിയതിന് നായയോട് കൊടുംക്രൂരത; കണ്ണടിച്ച് പൊട്ടിച്ചു, കാലും മുഖവും അടിച്ച് തകര്‍ത്തു

തിരുവനന്തപുരം : ''തലപൊളിഞ്ഞ് കണ്ണുതകര്‍ന്ന് ഒരു നായ പട്ടം വൈദ്യുതിഭവനു മുന്നില്‍ കിടക്കുന്നു''- 14ന് വൈകീട്ട് പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ സെക്രട്ടറി ലതയ്ക്ക് ഫോണ്‍ വന്നു. ഇരുമ്പുവടികൊണ്ട് ഒരാള്‍ നായയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആദ്യത്തെ അടിയില്‍ത്തന്നെ നായ നിലത്തുവീണു. എന്നാല്‍, പിന്നെയും അടി തുടര്‍ന്നു.പട്ടം വൈദ്യുതിഭവനു മുന്നില്‍ 14-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
പട്ടം വൈദ്യുതിഭവനിലെ കരാര്‍ ഡ്രൈവര്‍ മുരളിയാണ് നായയെ മര്‍ദിച്ചത്. ഇയാളെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. കാറിന്റെ ബമ്പര്‍ കടിക്കുന്നുവെന്ന കാരണത്തിലായിരുന്നു മര്‍ദ്ദനമെന്നു പറയുന്നു. കണ്ടുനിന്നവരെല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിഷ്‌കരുണം നായയെ തല്ലുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. നിലത്തു വീണ നായ എഴുന്നേറ്റു നടക്കാന്‍ കഴിയാതെ ഇഴയുന്നതും ദൃശ്യങ്ങളില്‍ കാണാം.
തലപൊളിഞ്ഞ്, ചോരയില്‍ കുതിര്‍ന്ന നിലയിലാണ് നായയെ ജഗതിയിലുള്ള ആശുപത്രിയില്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകര്‍ പ്രവേശിപ്പിച്ചത്.പിന്നീട് അടിയന്തരചികിത്സയ്ക്കു ശേഷം വലിയറത്തലയിലെ സംഘടനയുടെ ഷെല്‍ട്ടല്‍ ഹോമിലേക്കു മാറ്റി.നായ സുഖമായി വരുന്നതായി സംഘടനയുടെ പ്രവര്‍ത്തകയായ ശ്രീദേവി കര്‍ത്താ പറഞ്ഞു. ജീവനക്കാരനെതിരേ നടപടിയാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബി.അശോകിനു പരാതി നല്‍കിയിട്ടുണ്ട്.
'ഹോപ്പി'ന് ചികിത്സ
'ഹോപ്പ്' എന്നു പേരിട്ടാണ് നായയുടെ ചികിത്സ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകര്‍ തുടങ്ങിയത്. നിലവില്‍ സ്വയം ഭക്ഷണം കഴിക്കാന്‍ വയ്യ, നില്‍ക്കാനും വയ്യ. പിന്‍കാല്‍ ഒടിഞ്ഞിട്ടുണ്ട്.
Content Highlights: dog, attacked, cruelty