48 മണിക്കൂർ വെർച്വൽ അറസ്റ്റിൽ, ഡോക്ടർ രക്ഷപ്പെട്ടത് കഷ്ടിച്ച്; വഴിത്തിരിവായത് പവർബാങ്കും മക്കളുടെ ഫോൺകോളും

കൊട്ടാരക്കര: പ്രമുഖ വനിതാ ഗൈനക്കോളജിസ്റ്റിനെ 48 മണിക്കൂർ വെർച്വൽ അറസ്റ്റിൽ നിർത്തി തട്ടിപ്പുസംഘം. പോലീസിന്റെ സമയോചിതമായ ഇടപെടലിൽ പണം നഷ്ടമാകാതെ ഡോക്ടറെ മോചിപ്പിച്ചു.
നഗരത്തിൽ തന്നെയുള്ള വനിതാ ഡോക്ടറെയാണ് മുംബൈ കൊളാബയിലെ സിബിഐ ഓഫീസിൽനിന്നാണെന്ന പേരിൽ വിളിച്ച് സൈബർ തട്ടിപ്പുസംഘം വെർച്വൽ അറസ്റ്റിലാക്കിയത്. സ്വകാര്യ വിമാന കമ്പനി ഉടമയുടെ 990 കോടി രൂപ കള്ളപ്പണം ഡോക്ടറുടെ അക്കൗണ്ടിലൂടെ കടത്തിയെന്നു പറഞ്ഞാണ് വിളിച്ചത്. ഡോക്ടറുടെ പേരിലുള്ള എല്ലാ അക്കൗണ്ട് വിവരങ്ങളും നൽകണമെന്നായിരുന്നു ആവശ്യം. വീടുവിട്ട് എങ്ങും പോകാൻ പാടില്ലെന്നാവശ്യപ്പെട്ട സംഘം മുഴുവൻ സമയവും വീഡിയോ പരിധിയിലായിരിക്കണമെന്നും നിർദേശിച്ചു.
മറ്റാരോടും സംസാരിക്കാൻ പാടില്ലെന്നും അനുസരിച്ചില്ലെങ്കിൽ മൂന്നുവർഷം അധികം തടവ് അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. വിശ്വാസ്യതയ്ക്കായി സിബിഐ മുദ്രയുള്ള ഫോറങ്ങൾ ഫോണിലേക്ക് അയച്ചു. കൊട്ടാരക്കരയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർ രണ്ടുദിവസവും എത്താതിരിക്കുകയും മക്കൾ ഉൾപ്പെടെ വിളിച്ചിട്ട് ഫോൺ എടുക്കാതിരിക്കുകയും ചെയ്തതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. മൊബൈൽ ഫോണിന്റെ ചാർജ് തീരാതിരിക്കാൻ പവർബാങ്ക് വാങ്ങാൻ ഡ്രൈവറെ ചുമതലപ്പെടുത്തിയതും സംശയത്തിനിടയാക്കി.
പോലീസിനോട് ആദ്യം കാര്യങ്ങൾ വ്യക്തമാക്കാൻ ഡോക്ടർ തയ്യാറായില്ല. തുടർന്ന് സൈബർ തട്ടിപ്പ് സംബന്ധിച്ച ബോധവത്കരണം നടത്തുകയും വെർച്വൽ അറസ്റ്റ് എന്നത് തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് ഡോക്ടർ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പിന്നീടെത്തിയ തട്ടിപ്പുസംഘത്തിന്റെ ഫോൺകോൾ സ്വീകരിച്ചത് പോലീസായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാനുള്ള വിളിക്കു തൊട്ടുമുൻപായിരുന്നു പോലീസ് ഇടപെടൽ. അതിനാൽ തന്നെ ധനനഷ്ടം ഉണ്ടായില്ല.
Content Highlights: Doctor Falls Victim to Elaborate 48-Hour Virtual Arrest Scheme