സ്ത്രീകളെ എത്തിക്കുന്നു, ലഹരി വില്‍പ്പന; മെഡിക്കല്‍ കോളേജ് കാമ്പസില്‍ അഴിഞ്ഞാടി സാമൂഹിക വിരുദ്ധര്‍

കോഴിക്കോട്: കാമ്പസിനകത്ത് സാമൂഹിക വിരുദ്ധര്‍ പ്രവേശിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. മാരകായുധങ്ങളുമായി പോലും സാമൂഹിക വിരുദ്ധര്‍ കാമ്പസിനുള്ളിലെത്തുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലഹരി വില്‍പ്പനക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് അഴിഞ്ഞാടുന്നു. ക്യാമറ സ്ഥാപിച്ചിട്ടില്ലാത്ത 12 ഇടങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ്. ഇത്തരം ഇടങ്ങളില്‍ രാത്രി പോലീസ് പട്രോളിങ് ശക്തമാക്കണം.
ക്യാമറ ഇല്ലാത്ത കേന്ദ്രങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാമ്പസില്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സാമൂഹിക വിരുദ്ധര്‍ എത്തിക്കുന്നതായും പരാതിയിലുണ്ട്.
അനാശാസ്യ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ ശ്രമിക്കുമ്പോള്‍, സാമൂഹികവിരുദ്ധര്‍ സംഘടിച്ച് ജീവനക്കാരെ ആക്രമിക്കുന്നു. ഇരുമ്പുവടി പോലുള്ള മാരകായുധങ്ങളുമായാണ് സാമൂഹികവിരുദ്ധര്‍ കാമ്പസിലെത്തുന്നത്. മയക്കുമരുന്ന് വിതരണത്തിനാണ് ഇവരെത്തുന്നതെന്ന് സുരക്ഷാ വിഭാഗം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇക്കാരണത്താല്‍, രോഗികളും കൂട്ടിരിപ്പുകാരും ആസ്പത്രി ജീവനക്കാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും വലിയ ഭീഷണിയാണ് നേരിടുന്നത്. ആക്രമിക്കപ്പെടാനുള്ള സാധ്യത എപ്പോഴുമുണ്ട് -സൂപ്രണ്ട് പരാതിയില്‍ പറയുന്നു.
Content Highlights: disturbamnce by anti-socials in kozhikode medical college campus