നിരുപാധികം മാപ്പപേക്ഷിച്ച് ബൈജു കൊട്ടാരക്കര; രേഖാമൂലം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് സംവിധായകന്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചത്. ജുഡീഷ്യറിയെയോ ന്യായാധിപരെയോ മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാമൂലം നല്‍കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനായി രണ്ടാഴ്ചത്തെ സമയവും അനുവദിച്ചു. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ആദ്യം രേഖാമൂലമുള്ള വിശദീകരണം നല്‍കൂ, അതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
ചാനല്‍ ചര്‍ച്ചയില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരേ നടത്തിയ പരാമര്‍ശത്തിലാണ് ബൈജു കൊട്ടാരക്കരയ്‌ക്കെതിരേ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതോടെയാണ് വിശദീകരണം നല്‍കാനായി തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയത്. ഇത് അവസാനത്തെ അവസരമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയിരിക്കുന്ന ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയുമാണ് ചോദ്യംചെയ്യുന്നത്. ഇത് വിചാരണ നടപടികളെ സംശയനിഴലിലാക്കുന്നതാണ്.നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണിത്. ബൈജുവിന്റെ അഭിപ്രായങ്ങള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതുമാണെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
Content Highlights: director baiju kottarakkara apologized on contempt of court case