'എന്തിനാണ് ഉച്ചയ്ക്ക് ഉറങ്ങുന്നത്'; ചോദ്യം പ്രകോപിപ്പിച്ചു; ഡെപ്യൂട്ടി ജയിലറെ തടവുകാര്‍ മർദിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ ഡെപ്യൂട്ടി ജയിലറെ നാല് തടവുകാര്‍ചേര്‍ന്ന് മര്‍ദിച്ചു. ഡെപ്യൂട്ടി ജയിലര്‍ മണികണ്ഠനെയാണ് തടവുകാരായ ഹരിഹരന്‍, ആനന്ദ്, രാജേഷ്, മഹാദേവന്‍ എന്നിവര്‍ചേര്‍ന്ന് മര്‍ദിച്ചത്.

ഹരിഹരന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ജയിലിലെ സെല്ലില്‍ ഉറങ്ങിക്കൊണ്ടിരിക്കയായിരുന്നു. ഈ സമയത്ത് അതുവഴി പോയ ഡെപ്യൂട്ടി ജയിലര്‍ മണികണ്ഠന്‍ എന്തിനാണ് ഉറങ്ങുന്നതെന്ന് ചോദിച്ചു. എഴുന്നേല്‍ക്കാനുമാവശ്യപ്പെട്ടു. എന്നാല്‍ ഹരിഹരന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. മണികണ്ഠനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

തുടര്‍ന്ന് തര്‍ക്കം തുടര്‍ന്നപ്പോള്‍ ഹരിഹരനും അതേ സെല്ലിലുണ്ടായിരുന്ന ആനന്ദ്, രാജേഷ്, മഹാദേവന്‍ എന്നിവരുംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുച്ചിറപ്പള്ളി കെ.കെ. നഗര്‍ പോലീസ് കേസെടുത്തു.
 

Content Highlights: Deputy Jailer Manikandan attacked by four inmates in Trichy Central Jail