ഡോ. ഉമര്‍ ബോംബ് നിര്‍മാണ വിദഗ്ധന്‍, വീട്ടില്‍ രഹസ്യ ലാബും; പരിശീലനം പാകിസ്താനില്‍നിന്ന് ടെലഗ്രാം വഴി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ വീട്ടില്‍ ലാബ് സജ്ജീകരിച്ചിരുന്നതായി കണ്ടെത്തല്‍. ബോംബ് നിര്‍മാണവും വിവിധ സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും ഉള്‍പ്പെടെ ഈ ലാബില്‍ നടന്നിരുന്നെന്നും അതീവരഹസ്യമായാണ് ഇയാള്‍ വീട്ടിനുള്ളില്‍ ലാബ് സ്ഥാപിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പാകിസ്താനില്‍നിന്നുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ഡോ. ഉമര്‍ വീട്ടിലെ ലാബില്‍ ബോംബ് നിര്‍മിച്ചിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളാണ് ടെലഗ്രാം ആപ്ലിക്കേഷന്‍ വഴി ബോംബ് നിര്‍മിക്കാനുള്ള പരിശീലനം നല്‍കിയിരുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് സമീപത്തായാണ് ഉമര്‍ താമസിച്ചിരുന്ന വീട് സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് ബോംബ് നിര്‍മാണത്തിനും വിവിധ പരീക്ഷണത്തിനുള്ള സംവിധാനങ്ങളും അടങ്ങിയ ലാബും സജ്ജീകരിച്ചിരുന്നത്. ഡോ. ഉമറിനും കൂട്ടാളികളായ ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍ എന്നിവര്‍ക്കും പാകിസ്താനിലെ ജെയ്‌ഷെ അംഗങ്ങളുമായി ബന്ധമുണ്ടായിരുന്നു.
ഫൈസല്‍, ഹാഷിം, ഉകാഷ എന്നീ ജെയ്‌ഷെ ഭീകരരുമായാണ് മൂവരും ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരാണ് ടെലഗ്രാം വഴി തീവ്ര ആശയ പ്രചാരണത്തിനുള്ള വീഡിയോകള്‍ അയച്ചുനല്‍കിയിരുന്നത്. ഇതിനൊപ്പം എങ്ങനെ ബോംബ് നിര്‍മിക്കാമെന്ന വീഡിയോകളും ഇവര്‍ ടെലഗ്രാം ചാറ്റിലൂടെ കൈമാറിയിരുന്നു. ഭീകരരുമായി ബന്ധമുണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാരില്‍ ഉമറാണ് ബോംബ് നിര്‍മാണത്തിലെ വിദഗ്ധനെന്നും അതിനാലാണ് ഇയാള്‍ വീട്ടില്‍ത്തന്നെ പ്രത്യേകം ലാബ് സജ്ജീകരിച്ചതെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വീട്ടിലെ ലാബിനുള്ളില്‍ ഡോ. ഉമര്‍ മാത്രമാണ് മിക്കപ്പോഴും പ്രവേശിച്ചിരുന്നത്. പാകിസ്താനില്‍നിന്നുള്ള വീഡിയോകള്‍ കണ്ട് ഇയാള്‍ തനിച്ചാണ് ഐഇഡി ഉള്‍പ്പെടെ നിര്‍മിച്ചിരുന്നത്. ഡല്‍ഹിയില്‍ ആക്രമണത്തിന് ഉപയോഗിച്ച ഐഇഡികളും സമാനരീതിയില്‍ വീട്ടിലെ ലാബില്‍വെച്ച് നിര്‍മിച്ചതാണെന്നും എന്നാല്‍, ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
Content Highlights: Investigation reveals a secret bomb-making lab in Dr. Omar Nabi`s Faridabad home, linked to Pakistan-based Jaish-e-Mohammed. Learn more about the terror plot.