67-കാരനുമായി ഡിന്നർ ഡേറ്റ്; റെസ്റ്ററന്റിൽവെച്ച് ഫോൺ കൈക്കലാക്കി 1.30 ലക്ഷം തട്ടി; യുവതികൾ പിടിയിൽ

#ന്യൂസ് ഡെസ്ക്
Photo: @np_nationpress
Photo: @np_nationpress

ന്യൂഡൽഹി: വ്യാജ ഡേറ്റിങ് ആപ്പ് പ്രൊഫൈൽ ഉപയോഗിച്ച് 67-കാരനിൽനിന്ന് 1.30 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയ കേസിൽ രണ്ടു യുവതികൾ പിടിയിൽ. ജ്യോത്സ്ന (26), മാൻഷി (21) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

യുവതികൾ രണ്ടുപേരും ചേർന്ന് ഡേറ്റിങ് ആപ്പിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു തട്ടിപ്പ്. 67-കാരനെ കെണിയിലാക്കിയ ശേഷം ഡിന്നർ ഡേറ്റിനുവേണ്ടി ഡിഫൻസ് കോളനിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ജൂലൈ 24-നായിരുന്നു സംഭവം. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുമായി 67-കാരൻ അടുപ്പത്തിലാവുകയും ടെലഗ്രാം വഴി നിരന്തരം സന്ദേശമയക്കുകയും ചെയ്തു. തുടർന്ന് ഇരുവരും തീരുമാനിച്ചതുപ്രകാരം ഇദ്ദേഹം ഡിഫൻസ് കോളനിയിലെ റെസ്റ്ററന്റിലെത്തി. ഇവിടെ ജ്യോത്സ്നയും മാൻഷിയും ഒന്നിച്ചാണ് എത്തിയത്.

തുടർന്ന് മൂവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ വയോധികന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവതികൾ, യു.പി.ഐ. വഴി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 1.30 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്തു. ജൂലൈ 25-നാണ് സൗത്ത് വെസ്റ്റ് ജില്ലാ സൈബർ പോലീസ് കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്കാണ് ആദ്യം പണം ട്രാൻസ്ഫർ ചെയ്തത്. പിന്നീട് കൂടെയുണ്ടായിരുന്ന യുവതിയുടെ അക്കൗണ്ടിലേക്കു പണം മാറ്റി. ഇതിൽനിന്ന് 90,000 രൂപ എ.ടി.എം. വഴി പിൻവലിച്ചതായി പോലീസ് അറിയിച്ചു.

എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. തെളിവുനശിപ്പിക്കാൻ വയോധികന്റെ ഫോൺ നശിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. പ്രതികളുടെ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: Two women arrested for running a dating app scam in Delhi., Targeted a 67-year-old man using a fake profile., Stole Rs 1.30 lakh via UPI and his mobile phone during a dinner date., Police tracked suspects using CCTV footage from an ATM.