ചതിയിൽപ്പെട്ടത് 500-ഓളം സ്ത്രീകൾ; ഡോക്ടറും വക്കീലും ബിസിനസുകാരനും എല്ലാംഒരാൾ! തട്ടിയത് രണ്ടുകോടി രൂപ

#News Desk
അറസ്റ്റിലായ പ്രതിയുമായി പോലീസ് സംഘം | Photo Courtesy: x.com/ndtv
അറസ്റ്റിലായ പ്രതിയുമായി പോലീസ് സംഘം | Photo Courtesy: x.com/ndtv

ന്യൂഡൽഹി: ഓൺലൈൻ വഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ ആനന്ദ്കുമാറിനെ(35)യാണ് ഡൽഹി സൈബർ പോലീസ് ബംഗാളിലെത്തി പിടികൂടിയത്. ഏകദേശം 500-ഓളം സ്ത്രീകൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഇവരിൽനിന്നായി രണ്ടുകോടിയോളം രൂപയാണ് പ്രതി ഇതുവരെ കൈക്കലാക്കിയതെന്നും പോലീസ് പറഞ്ഞു.

ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഡൽഹി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 'വൈഭവ് അറോറ' എന്ന പേരുള്ള യുവാവ് പലതവണകളായി ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു യുവതിയുടെ പരാതി. പണം തിരികെചോദിച്ചപ്പോൾ 'വൈഭവ് അറോറ'യിൽനിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്നും പിന്നീട് മറ്റൊരു ഇൻസ്റ്റഗ്രാം ഐഡിയിൽനിന്ന് 'വൈഭവ് അറോറ' മരിച്ചെന്ന സന്ദേശമാണ് ലഭിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

ഡേറ്റിങ് ആപ്പിലൂടെയാണ് വൈഭവ് അറോറയെ ആദ്യം പരിചയപ്പെട്ടതെങ്കിലും പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയിരുന്നത്. ഈ സൗഹൃദം തുടരുന്നതിനിടെയാണ് പ്രതി പലതവണകളായി പലകാരണങ്ങൾ പറഞ്ഞ് പണം വാങ്ങിയത്. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച ഡൽഹി പോലീസ് പ്രതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. സാമ്പത്തിക ഇടപാട് നടത്തിയതിന്റെ വിവരങ്ങളും പരിശോധിച്ചു. തുടർന്നാണ് ബംഗാൾ സ്വദേശിയായ ആനന്ദ്കുമാറാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇതോടെ ബംഗാളിലെത്തിയ ഡൽഹി പോലീസ് സംഘം വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പല പേരുകൾ, തട്ടിപ്പിനിരയായത് 500-ഓളം സ്ത്രീകൾ...

അഞ്ഞൂറോളം സ്ത്രീകൾ ഓൺലൈൻ വഴിയുള്ള പ്രതിയുടെ തട്ടിപ്പിൽ കുരുങ്ങിയതായാണ് പോലീസ് പറയുന്നത്. ഇവരിൽനിന്നെല്ലാമായി ഏകദേശം രണ്ടുകോടിയോളം രൂപ പ്രതി തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.

ഡേറ്റിങ് ആപ്പുകളിലൂടെയും മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെയുമാണ് പ്രതി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. പല പേരുകളിൽ ഡോക്ടറായും വക്കീലായും ബിസിനസുകാരനായും ഇയാൾ സ്ത്രീകളെ പരിചയപ്പെട്ടിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാം വഴിയും വാട്‌സാപ്പ് വഴിയും ബന്ധം തുടരും. സൗഹൃദം ദൃഢമാകുന്നതോടെയാണ് പലകാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടാറുള്ളത്. ചില സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകിയ ശേഷമാണ് പ്രതി പണം ചോദിച്ചിരുന്നത്. മറ്റുചിലർക്ക് മോഡലിങ് അവസരം വാഗ്ദാനംചെയ്തും ചില യുവതികൾക്ക് രാജ്യത്തെ പ്രമുഖ കോളേജുകളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തും പണം കൈക്കലാക്കിയിരുന്നു.

വിവാഹവാഗ്ദാനം നൽകിയശേഷം സ്ത്രീകളിൽനിന്ന് സാമ്പത്തിക ബുദ്ധിമുട്ടും ചികിത്സാ ആവശ്യങ്ങളും പറഞ്ഞായിരുന്നു പണം തട്ടിയെടുത്തിരുന്നത്. ചിലരോട് ബിസിനസിൽ നഷ്ടം സംഭവിച്ചെന്ന് പറഞ്ഞും പണം വാങ്ങി. 'ഡോ. രോഹിത് ഭാൽ, തരുൺ, ആനന്ദ് ശർമ, വൈഭവ് അറോറ' തുടങ്ങിയ പേരുകളിൽ ഒട്ടേറെ പ്രൊഫൈലുകളാണ് ഇയാൾ ഡേറ്റിങ് ആപ്പുകളിലും സാമൂഹികമാധ്യമങ്ങളിലും ഉപയോഗിച്ചിരുന്നത്. 'ശിഖ' എന്ന പേരിലുള്ള പ്രൊഫൈലും പ്രതി ഉപയോഗിച്ചിരുന്നു. ഇതിനിടെ, ഡൽഹി സ്വദേശിനി പണം തിരികെചോദിച്ചതോടെ ഇവരെ കബളിപ്പിക്കാനായി 'വൈഭവ് അറോറ' യുടെ സുഹൃത്താണെന്ന് പറഞ്ഞ് മറ്റൊരു പ്രൊഫൈലിൽനിന്നും പ്രതി സന്ദേശമയച്ചു. ഈ സന്ദേശങ്ങളിലാണ് 'വൈഭവ് അറോറ' മരിച്ചെന്ന് അറിയിച്ചതെന്നും പോലീസ് പറഞ്ഞു.

നാല് മൊബൈൽഫോണുകൾ, എട്ട് സിം കാർഡുകൾ...

പ്രതി ആനന്ദ് കുമാറിൽനിന്ന് നാല് മൊബൈൽ ഫോണുകളും എട്ട് സിം കാർഡുകളും പിടിച്ചെടുത്തതായി ഡൽഹി പോലീസ് പറഞ്ഞു. ഇതിനുപുറമേ മൂന്ന് ഡെബിറ്റ് കാർഡുകൾ, സ്വർണവളകൾ, സ്വർണമാലകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടിയ പ്രതി ഓൺലൈൻ ഗെയിമിങ്ങിനായും പണം ചെലവഴിച്ചിരുന്നു.

Content Highlights: Arrest of a West Bengal native involved in a 2-crore online scam., Modus operandi involved building fake relationships to defraud women., Over 500 victims identified across India as of 2026., Successful operation conducted by Delhi Cyber Police.