ബാങ്കിലേക്കെന്ന് പറഞ്ഞ് പുറത്തുപോയി; ഒടുവില്‍ കൈപ്പത്തിയറ്റ് ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം

യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പട്ടാമ്പി ശങ്കരമംഗലം ഭാഗത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് ഈഭാഗത്ത് പരിശോധന നടത്തിയെങ്കിലും വിവരങ്ങള്‍ അറിയാനായില്ല. ശനിയാഴ്ച അര്‍ധരാത്രിവരെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണാവുകയും പിന്നീട് ഓഫാവുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
തിങ്കളാഴ്ചകാലത്ത് ഒന്‍പതരയോടെ പുഴയോരത്ത് കാലിമേക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം പുഴയില്‍ പുല്‍ക്കാടുകളോടുചേര്‍ന്ന് പൊങ്ങിക്കിടക്കുന്നത് കണ്ടത്.
ഇവിടെനിന്ന് ഏതാനും മീറ്ററുകള്‍ മാറി ഇവരുടെ ബാഗും കുറച്ചകലെ രേഖകളും ഗുളികകളും അടങ്ങിയ മറ്റൊരുകവറും കണ്ടെത്തി. തുടര്‍ന്ന്, തൃത്താല പോലീസും പേരാമംഗലം പോലീസും സ്ഥലത്തെത്തി. കവറില്‍നിന്ന് കണ്ടെത്തിയ ബാങ്ക് രേഖയിലെ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം ഹരിതയുടേയാണെന്ന് തിരിച്ചറിഞ്ഞു.
തൃത്താലസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. വിജയകുമാര്‍, പേരാമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
യുവതി പട്ടാമ്പിഭാഗത്ത് എത്തിയത് എന്തിനെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്താനായിട്ടുമില്ല. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ സംഭവത്തില്‍ വ്യക്തത കൈവരൂയെന്ന് പോലീസ് പറഞ്ഞു.
യുവതി വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നതായും പോലീസ് അറിയിച്ചു. ഹരിതയുടെ ഭര്‍ത്താവ്: സനീഷ്. മകന്‍: ദ്രുപത് (5).
കാണാതായത് ശനിയാഴ്ച, സ്‌കൂട്ടര്‍ മുണ്ടൂരില്‍
പോന്നോര്‍: പട്ടാമ്പിപ്പുഴയില്‍ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയ ഹരിതയെ കാണാതായത് കഴിഞ്ഞ ശനിയാഴ്ച. രാവിലെ 9.30-ന് പറപ്പൂര്‍ സഹകരണ ബാങ്കിലേക്കാണെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ഭര്‍ത്താവിന്റെ സ്‌കൂട്ടറിലാണ് പോയത്. 12 മണി വരെ തിരിച്ചെത്താതായപ്പോള്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു.
സ്‌കൂട്ടര്‍ പിന്നീട് മുണ്ടൂരില്‍ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസില്‍ പരാതി നല്‍കിയ സമയത്ത് ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പട്ടാമ്പി ശങ്കരമംഗലം എന്ന് കണ്ടെത്തിയിരുന്നു. പോലീസും ബന്ധുക്കളും അവിടെ പോയി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.
പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച
ഹരിതയുടെ മൃതദേഹം ചൊവ്വാഴ്ചയേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയുള്ളൂ. തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയെങ്കിലും വിവാഹം കഴിഞ്ഞിട്ട് ആറര വര്‍ഷം മാത്രമെ ആയിട്ടുള്ളൂവെന്നതിനാല്‍ ആര്‍.ഡി.ഒ. അല്ലെങ്കില്‍ തഹസില്‍ദാരുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകൂവെന്നതിനാലാണ് ചൊവ്വാഴ്ചത്തേക്ക് നീട്ടിവെച്ചത്.
Content Highlights: Decomposed Body of Lady Fouund In Bharathapuzha