വിവാഹമോചനത്തിനുശേഷം കൂട്ടുതേടി യുവാവ് ഡേറ്റിങ് ആപ്പില്‍; ലോണെടുത്ത 2 കോടിയടക്കം നഷ്ടമായത് 6.5 കോടി

Representational Image : Canva.com
Representational Image : Canva.com

ന്യൂഡല്‍ഹി: വിവാഹമോചനത്തിനുശേഷം മറ്റൊരു കൂട്ട് തേടിയാണ് ദല്‍ജീത് സിങ് ഡേറ്റിങ് ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തത്. പക്ഷേ അത് തന്റെ കഷ്ടകാലത്തിന്റെ തുടക്കമാണെന്ന് നോയിഡ സ്വദേശിയായ ദല്‍ജീത് ഒരിക്കല്‍പ്പോലും ചിന്തിച്ചില്ല. വന്‍നേട്ടം കൊയ്യാമെന്ന ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ പ്രലോഭനത്തില്‍ വിവിധ കമ്പനികളില്‍ പണം നിക്ഷേപിച്ച ദല്‍ജീത്തിന് നഷ്ടമായത് ആറരക്കോടി രൂപയാണ്. ട്രേഡിങ് ആപ്പിലൂടെയാണ് ദല്‍ജീത് വഞ്ചനയ്ക്കിരയായത്. 

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ദല്‍ജീത് സിങ്. 2024 ഡിസംബറിലാണ് ദല്‍ജീത് ഓണ്‍ലൈനിലൂടെ അനിത എന്ന സ്ത്രീയെ പരിചയപ്പെട്ടത്. ഹൈദരാബാദ് സ്വദേശിനിയാണെന്നാണ് അനിത അറിയിച്ചത്. തുടക്കത്തില്‍ ആശംസാസന്ദേശങ്ങള്‍ കൈമാറി ആരംഭിച്ച ബന്ധം പിന്നീട് കൂടുതല്‍ ചര്‍ച്ചകളിലേക്കും ദൃഢമായ ബന്ധത്തിലേക്കും നീങ്ങി. ഇരുവരും അടുത്തസുഹൃത്തുക്കളായി മാറി. 

കൂടുതല്‍ അടുപ്പവും വിശ്വാസവുമായതോടെ സാമ്പത്തിക നിക്ഷേപത്തിലൂടെ വന്‍ലാഭം നേടാമെന്നുള്ള  വിവരങ്ങള്‍ അനിത ദല്‍ജീത്തിനോട് പങ്കുവെച്ചു. ഓണ്‍ലൈനിലൂടെ നിക്ഷേപം നടത്താനായി മൂന്ന് കമ്പനികളുടെ പേരും അനിത തന്നെ നിര്‍ദേശിച്ചു. അനിത പറഞ്ഞതനുസരിച്ച് ആദ്യത്തെ വെബ്‌സൈറ്റില്‍ 3.2 ലക്ഷം രൂപ നിക്ഷേപിച്ച ദല്‍ജീത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ 24,000 രൂപ ലാഭം കിട്ടി. അതില്‍നിന്ന് 8,000 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അദ്ദേഹം മാറ്റുകയും ചെയ്തു. അനിതയിലുള്ള വിശ്വാസം അധികരിച്ച ദല്‍ജീത്തിന് തന്റെ നന്മ മുന്‍നിര്‍ത്തിയാണ് അനിത ഉപദേശങ്ങള്‍ നല്‍കുന്നതെന്ന തോന്നലും വര്‍ധിച്ചു. 

ഇതോടെ തന്റെ മൊത്തം സമ്പാദ്യവും നിക്ഷേപിക്കാന്‍ ദല്‍ജീത് തീരുമാനിച്ചു. കൈയിലുണ്ടായിരുന്ന നാലരക്കോടി രൂപയും അനിതയുടെ നിര്‍ദേശപ്രകാരം രണ്ടുകോടി വായ്പയെടുത്ത് ആ തുകയും ചേര്‍ത്ത് നിക്ഷേപം നടത്തി. 30 ഇടപാടുകളിലൂടെ 25 ബാങ്ക് അക്കൗണ്ടുകളിലേക്ക് ദല്‍ജീത് പണം അയച്ചു. ലാഭവിഹിതം ലഭിച്ചതായുള്ള സൂചന കിട്ടിയയുടനെ നേരത്തേതുപോലെ പണം പിന്‍വലിക്കാന്‍ ദല്‍ജീത് ശ്രമിച്ചു. എന്നാല്‍ നിക്ഷേപിച്ച തുകയുടെ 30 ശതമാനം നല്‍കിയാല്‍ മാത്രമേ പണം പിന്‍വലിക്കാനാകൂവെന്നുള്ള നിര്‍ദേശം ലഭിച്ചു. 

നിര്‍ദേശം അനുസരിക്കാന്‍ ദല്‍ജീത് വിസമ്മതിച്ചതോടെ ആ വെബ്‌സൈറ്റിലേക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് മറ്റു രണ്ട് വെബ്‌സൈറ്റുകളും ലഭ്യമാകാതെയായി. തുടര്‍ന്ന് നോയിഡ സെക്ടര്‍ 36 ലെ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ ദല്‍ജീത് പരാതി നല്‍കി. അനിത എന്ന ഡേറ്റിങ് ആപ്പിലെ അക്കൗണ്ട് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ദല്‍ജീത് പണം അയച്ച അക്കൗണ്ടുകളെ കുറിച്ചുള്ള വിവരശേഖരണത്തിലാണ് അന്വേഷണസംഘം.


 

Content Highlights: Noida man lost ₹6.5 crore after a woman he met on a dating app