ഡേറ്റിങ് ആപ്പ് വഴി പരിചയം; തനിച്ചുസംസാരിക്കണമെന്നു പറഞ്ഞ് വിളിച്ചു, 25-കാരിയെ കൊള്ളയടിച്ച് യുവാവും സുഹൃത്തും

കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 25-കാരിയെ കെജി ചാവടി ഭാഗത്തുകൊണ്ടുപോയി 90,000 രൂപയും മൂന്നുപവന്‍ ആഭരണവും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ നഗരത്തിലെ രാമനാഥപുരം സ്വദേശി തരുണ്‍ (28), സുഹൃത്തും പോലീസ് ഓഫീസറുടെ മകനുമായ ധനുഷ് എന്നിവരുടെ പേരില്‍ റേസ് കോഴ്സ് പോലീസ് കേസെടുത്തു.
നഗരത്തില്‍ ജോലി ചെയ്യുന്ന 25-കാരി ഡേറ്റിങ് ആപ്പ് വഴി തരുണിനെ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയുമായി തനിച്ചുസംസാരിക്കണമെന്നു പറഞ്ഞു തരുണ്‍ നവംബര്‍ രണ്ടിന് വൈകീട്ട് ഏഴിന് യുവതിയെ കാറില്‍ വാളയാറിനടുത്ത് കെജി ചാവടിയിലേക്കു കൊണ്ടുപോയെന്നും അവിടെയെത്തിയപ്പോള്‍ തരുണിന്റെ സുഹൃത്ത് ധനുഷും ഇവര്‍ക്കൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടില്‍നിന്ന് 90,000 രൂപ തട്ടിയെടുത്തെന്നാണു യുവതിയുടെ പരാതി. യുവതി ധരിച്ച ആഭരണങ്ങളും തട്ടിയെടുത്തതായി പറയുന്നു.
രാത്രി 11 മണിയോടെ യുവതിയെ ട്രിച്ചി റോഡില്‍ ഇറക്കിവിട്ടു. തനിച്ചു ഹോസ്റ്റലിലേക്ക് പോകാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ തരുണ്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുത്തുനല്‍കിയെന്നും പറയുന്നു. പിന്നീട് യുവതി സഹോദരിയെ വിവരമറിയിക്കുകയും പിറ്റേദിവസം റേസ് കോഴ്സ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം തുടങ്ങി.
Content Highlights: A woman met a man on a dating app, was lured to a secluded spot, and robbed of ₹90,000 and jewelry by him and his friend. Police investigating.