മാട്രിമോണിയൽ സൈറ്റിൽ പരിചയം,യുവതി വീട് അടക്കം പണയപ്പെടുത്തി നൽകിയത് 3.38 കോടി രൂപ; സൈബർ തട്ടിപ്പ്

#രാജേഷ് ജോർജ്
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊച്ചി: സൈബര്‍ രംഗത്തെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ബ്രൗസര്‍ ഇന്‍ ദി ബ്രൗസര്‍ അറ്റാക്ക് (ബിറ്റ്ബി) രീതി വ്യാപകമാകുന്നു. നിയമാനുസൃത വെബ്സൈറ്റിന്റെ അതേ രൂപത്തിലുള്ള സൈറ്റുകള്‍ നിര്‍മിച്ച് ആളുകളെ കബളിപ്പിക്കുന്നതാണ് ബിറ്റ്ബി. ഇന്റര്‍നെറ്റില്‍ വിവരം തിരയുന്നവരെ വ്യാജ സൈറ്റുകളിലേക്ക് ആകര്‍ഷിച്ചാണ് തട്ടിപ്പ്. കൊച്ചിയില്‍ നിന്ന് അടുത്തയിടെ ഉത്തര്‍പ്രദേശിലെ മീററ്റിലേക്ക് പാഴ്‌സലില്‍ അയച്ച കാര്‍ തട്ടിയെടുത്ത സംഘം ഉപയോഗിച്ചത് പ്രധാന കൂറിയര്‍ കമ്പനിയുടെ വ്യാജ വെബ്‌സൈറ്റായിരുന്നു. ഉപഭോക്താവ് ഈ സൈറ്റ് വഴിയാണ് പണം നല്‍കുകയും ഇടപാട് ഉറപ്പിക്കുകയും ചെയ്തത്.

സമാന രീതിയിലുള്ള തട്ടിപ്പ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പേരിലും നടക്കുന്നുണ്ട്. രഹസ്യവിവരം ലഭിച്ചുവെന്നും നിങ്ങള്‍ക്ക് വന്ന കൂറിയറില്‍ ലഹരി വസ്തു കണ്ടെത്തിയെന്നും കേസ് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ വേണമെന്നുമുള്ള സന്ദേശങ്ങളും എത്തിയവരുണ്ട്. മേല്‍വിലാസവും ഫോണ്‍നമ്പരും സഹിതം പറയുമ്പോള്‍ പലരും പേടിച്ച് പണം നല്‍കിയ സംഭവങ്ങളുമുണ്ട്.

ഒരു ബ്രൗസര്‍ വിന്‍ഡോയ്ക്കുള്ളില്‍ ഒരു വ്യാജ ഡൊമെയ്നുള്ള ലോഗിന്‍ വിന്‍ഡോ ക്രമീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിവിധ സേര്‍ച്ച് എന്‍ജിനുകളിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും വ്യക്തികള്‍ക്ക് വിവിധ വെബ്സൈറ്റുകളിലേക്ക് ലോഗിന്‍ ചെയ്യാനുള്ള സംവിധാനവും ഈ വ്യാജ സൈറ്റുകള്‍ക്കുണ്ടാകും. അതിനാല്‍ തന്നെ ചതി ആദ്യം ബോധ്യപ്പെടില്ല. ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിയമാനുസൃത വെബ് സൈറ്റിനു സമാനമായ വ്യാജ വെബ്സൈറ്റിലേക്കാകും എത്തുക. ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന 'ഫിഷിങ്ങും' വ്യാപകമാണ്. ഒരു വ്യാജ വെബ് പേജ് നിര്‍മിച്ച് പലര്‍ക്കും അയച്ചുകൊടുക്കുകയും തട്ടിപ്പെന്ന് അറിയാതെ ആളുകള്‍ അവരുടെ വ്യക്തിവിവരങ്ങള്‍ നല്‍കുയും ചെയ്യും. ഇത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യും.

യുവതിക്ക് നഷ്ടമായത് 3.38 കോടി രൂപ

കൊച്ചി : മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് മരട് സ്വദേശിനിയായ യുവതിയില്‍ നിന്ന് തട്ടിയെടുത്തത് 3.38 കോടി രൂപയാണ്. കഴിഞ്ഞ ജൂലായ് 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലായി പല തവണകളായാണ് ഇത്രയും തുക തട്ടിയെടുത്തത്. വിദേശത്ത് ഡോക്ടറാണെന്ന് പറഞ്ഞ യുവാവുമായി സൗഹൃദത്തിലായതോടെ കോടികളുടെ സമ്മാനവുമായി താന്‍ കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് യുവാവ് അറിയിക്കുകയായിരുന്നു. താന്‍ അയച്ച വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങിയെന്നും വിട്ടുകിട്ടാന്‍ കോടികള്‍ കെട്ടിവെയ്ക്കണമെന്നും പറഞ്ഞു. 

വീട് ഉള്‍പ്പെടെ പണയപ്പെടുത്തി യുവതി 3.36 കോടി നല്‍കി. പിന്നെ പ്രതിശ്രുത വരന്റെ യാതൊരു വിവരവുമില്ല. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

Content Highlights: cyber money frauds